രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ഷാഫി പറമ്പിൽ ഒരക്ഷരം പോലും പ്രതികരിക്കാതെ പോയെന്ന് മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സാമൂഹമാധ്യമങ്ങളിലൂടെ മോശം പെരുമാറ്റം നടത്തിയെന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അഹങ്കാരത്തിനും ധിക്കാരത്തിനും കാലുവെച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനം. ഇവരൊക്കെ ഷാഫി പറമ്പിലിന്റെ സ്കൂളിൽ പഠിച്ചവരാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിക്കാതെ ഷാഫി പോയി. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ അഹങ്കാരത്തിനും ധിക്കാരത്തിനും കയ്യും കാലും വച്ച വ്യക്തിയാണ്. എടാ പിണറായി എന്ന് പ്രസംഗിച്ച ആളാണ്. ഇത്ര ബഹുമാനമില്ലാത്ത പ്രയോഗം തങ്ങളാരും പ്രയോഗിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തരംതാണ നിലയിലുള്ള പ്രസംഗമാണ് നിയമസഭയിൽ നടത്തിയതെന്നും ശിവൻ കുട്ടി ചൂണ്ടിക്കാട്ടി.