അങ്ങനെ കേരള സ്റ്റോറി 2 തിയേറ്ററിലെത്തി. ഇതൊരു സ്‌പോൺസേർഡ് പ്രൊപോഗണ്ട ഫിലിം ആണെന്ന കാര്യം വീണ്ടും ആവർത്തിക്കുന്നതിൽ കാര്യമില്ല. അതാണ് സത്യം. സ്പോൺസർ ആരെന്നും ഉദ്ദേശം എന്താണ് എന്നും പ്രത്യേകിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. ഇടതിന്റേയും വലതിന്റെയും ഗുണദോഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിൽ താരതമ്യേന വെടിപ്പോടെയും സമാധാനത്തോടെയും കഴിഞ്ഞു കൂടുന്ന കേരളത്തെ ഒരു സിനിമയിലൂടെ പ്രബുദ്ധരാക്കി നന്നാക്കാൻ നിയോഗിക്കപ്പെട്ടവരുടെ നാട്ടിൽ പലയിടങ്ങളിലും, ഇന്നും പ്രഭാതങ്ങളിൽ അത്യാവശ്യകർമ്മങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ പൊതുവഴിയോരങ്ങളിൽ മാതാപിതാക്കളും മക്കളും മരുമക്കളും ചെറുമക്കളും കയ്യിലോരോ കിണ്ടിയും പിടിച്ച് മുഖാമുഖം നോക്കിയിരുന്ന് നാറ്റിക്കുന്ന പതിവ് തെറ്റിച്ചിട്ടില്ല.
വിദ്യാഭ്യാസമില്ലായ്മയും തൊഴിലില്ലായ്മയും അതിന്റെ ഉച്ചസ്ഥായിയിൽ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അമ്പേ തകരുന്നു. വടക്കേ ഇന്ത്യയിലെ പുതിയ വിമാനത്താവളങ്ങൾ ഭൂരിഭാഗവും യാത്രക്കാരില്ലാതെ അടച്ചിടുന്നു. വന്ദേഭാരത് പോലെ ചിലവേറിയ ട്രെയിനുകളിൽ ആളില്ല. അവ തെക്കേ ഇന്ത്യയിലേക്ക് കൂടുതൽ അനുവദിക്കപ്പെടുന്നു. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പാസ്പോര്ട്ട് റാങ്കിങ് കുത്തനെ ഇടിയുന്നു. ഇന്ത്യൻ പൗരന്മാരെ എങ്ങും അവജ്ഞയോടെ നോക്കുന്നു. ഇന്ത്യൻ യുവത്വം ആകെ അങ്കലാപ്പിലാണ്. കടുത്ത ബി ജെ പിക്കാർ പോലും സത്യത്തിൽ ഉള്ളന്റെയുള്ളിൽ ആശങ്കയിലാണ്. ഈ ആശങ്കകൾ നേർക്കുനേർ ചോദിക്കേണ്ട പ്രതിപക്ഷം ആർജ്ജവമില്ലാതെ അന്ധാളിച്ചു നിൽക്കുന്നു.
എന്തിനും ഏതിനും നുണ പറഞ്ഞ് ഭരണക്കാർ തന്നെ സ്വയം മടുത്തു. എതിരാളികളുടെ ചോദ്യങ്ങളെ അവഗണിക്കാം കൊഞ്ഞനം കുത്താം. പക്ഷെ സ്വന്തം പക്ഷക്കാരുടെ തന്നെ ചോദ്യത്തിന് മുന്നിൽ എങ്ങനെ എത്രനാൾ പിടിച്ചു നിൽക്കും. എതിരാളികളിൽ മാത്രമല്ലല്ലോ ബുദ്ധിയുള്ള യുവത്വം. എതിരാളികളിൽ മാത്രമല്ലല്ലോ തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവത്വം. സ്വന്തപക്ഷത്തുനിന്നും ചൂടുള്ള ചോദ്യങ്ങൾ വല്ലാതെ അവരെ തളർത്തുന്നുണ്ട്. ഇനി ഒരേയൊരു ആയുധം മുസ്ളീം വിരോധമാണ്. പലപ്പോഴും അത് ആളിക്കത്തിച്ചപ്പോൾ ഫലമുണ്ടായിട്ടുമുണ്ട്.
വീണ്ടും ആ ആയുധം വീശുകയാണ്. ഒരു സിനിമയുടെ രൂപത്തിൽ. ബിജെപിയുടെ ഒരു ഘടക കക്ഷിയായി മാത്രം തരം താഴ്ന്നുപോയ സെൻസർ ബോർഡ് ചരിത്രത്തിൽ മറ്റാർക്കും അനുവദിച്ചു കൊടുക്കാത്തത്ര വലിപ്പത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യമാണ് ഇതിന്റെ പിന്നണിക്കാർക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്. ആടുകളെ വെറുപ്പോതി തമ്മിലിടിപ്പിച്ച് ചൊരിയുന്ന രക്തം ചൂടോടെ കുടിക്കുവാൻ തന്നെയാണ് ചെന്നായ്ക്കളുടെ ലക്ഷ്യവും.
എന്നാൽ ആടുകൾ പഴയ മന്ദബുദ്ധികളായിത്തന്നെ ഇപ്പോഴും തുടരുന്നുണ്ടോ എന്നതിൽ ചെന്നായ്ക്കൾക്ക് പോലും ഒരു ആശങ്കയുണ്ടാകാം. എങ്കിലും വിദ്യാഭ്യാസമില്ലാത്ത, വിദ്യാഭ്യാസമുണ്ടായിട്ടും വെറുപ്പിന്റെ കോമരങ്ങളായി തുടരുന്ന കുറച്ച് വടക്കേ ഇന്ത്യൻ ആടുകൾ ഇതിൽ വീണുപോയേക്കാം. ഒരുപക്ഷെ അവർക്കിടയിലെ യുവത്വം ചോദിച്ചെന്നിരിക്കും. വെറുപ്പ് കൊണ്ട് വിശപ്പ് മാറുന്നില്ല, വിശപ്പിനുള്ള പ്രതിവിധി ചെയ്യൂ എന്ന്. കാരണം ഇന്ത്യയിലെ യുവത്വം നുണയുടെ ചീട്ടുകൊട്ടാരങ്ങൾക്കപ്പുറത്തെ വികൃതമായ സത്യങ്ങളെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സിനിമ ചിലപ്പോൾ ലക്‌ഷ്യം കണ്ടെന്ന് വരില്ല.
പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിൽ ഈ സിനിമ ബിജെപിയുടെ അടപ്പ് ഇളക്കും. തിരഞ്ഞെടുപ്പ് എത്തി നിൽക്കുന്ന ഈ സമയത്ത് ഉത്തരേന്ത്യൻ ബിജെപി കേരള ബിജെപിക്ക് മനഃപൂർവമല്ലാതെ വെച്ചുകൊടുത്തൊരു കിടിലൻ ആപ്പാണിത്. വിദ്യാഭ്യാസത്തിലും വികസനത്തിലും കേരളത്തിന്റെ ഏഴയല്പക്കത്തുപോലുമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും മാറ്റിത്തരാം എന്ന മണ്ടത്തരം പറയുന്നവരായിരുന്നിട്ട് കൂടി, കേട്ടറിഞ്ഞ മതഭ്രാന്ത് ഇല്ല, ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല എന്ന് തോന്നി ഒരൽപം അനുഭാവത്തോടെ അവരെ കണ്ടുതുടങ്ങിയൊരു കൂട്ടം ഇവിടെ ഉണ്ടായിരുന്നു. അവരെ സ്വയം നഷ്ടപ്പെടുത്തുകയാണ് ഇതാ ഇവിടെ. വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കാൻ പോലും മടിയില്ലാത്ത തരം താഴ്ന്ന ഒരു വിഭാഗമാണ് ഇവരെന്ന് നിരാശയോടെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സിനിമ കാരണം കേരളത്തിലെ യുവാക്കൾക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇന്ത്യയിലുടനീളവും വിദേശത്തും തൊഴിലിടങ്ങളിൽ അവരെ ചിലരെങ്കിലും ഈ സിനിമയുടെ പശ്ചാത്തലത്തിൽ അവജ്ഞയോടെ കണ്ടെന്നിരിക്കും.
മറ്റൊന്ന് അറിഞ്ഞോ അറിയാതെയോ ഇവർ മോദിജിയ്ക്കും സാമാന്യം തരക്കേടില്ലാത്ത ഒരു പാര പണിയുന്നുണ്ട്. ഈ സിനിമയിലൂടെ. ഇന്ത്യയിൽ ഹിന്ദുക്കൾ വളരെ അപകടത്തിലാണെന്ന് കാണിക്കുവാനായി മുസ്ലീങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയുടെ വായിൽ ബലാൽക്കാരമായി ബീഫ് കുത്തിയിറക്കുന്നു. ഹിന്ദുക്കൾക്ക് പൂർണ്ണ സുരക്ഷ വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ മോദിജിയുടെ മൂന്നാമൂഴത്തിലും അദ്ദേഹമൊരു പൂർണ്ണ പരാജയമാണെന്ന് ഈ സിനിമ പറയാതെ പറയുന്നു.
ആരും ചോദിക്കാനില്ലാത്ത കേരളത്തിനൊരു പണി കൊടുക്കാം എന്ന് തോന്നിയവർക്ക് തെറ്റി. കേരളത്തിലെ പുതിയ തലമുറ ജാതിയും മതവുമില്ലാത്തവരാണെന്ന് അവർ മറന്നു. ഈ വെറുപ്പിന്റെ നാടകത്തിന്റെ സ്ക്രിപ്റ്റ് ആദ്യരംഗത്തിൽ തന്നെ പാളിപ്പോയിരിക്കുന്നു.
ഇത് ബീഫല്ല വെറും ഉള്ളിക്കറിയാണെന്ന് കാണിക്കാൻ കേരള നേതാക്കൾ ഒരുപാട് ഉള്ളി വഴട്ടേണ്ടി വരും. എങ്കിലും ഉത്തരേന്ത്യക്കാർ സ്നേഹപൂർവ്വം അവർക്ക് നൽകിയ ഈ ജൂനിയർ മാൻഡ്രേക്ക് കേരളത്തിൽ അവരുടെ അടിവേരിളക്കും.
