ഇത്തവണ കൂടി പാലയിൽ തോറ്റാൽ അത് ജോസ് കെ മാണിയുടെ മ്പാട്ടർലൂ ആയിരിക്കും. കഴിഞ്ഞ രണ്ടു പരാജയങ്ങൾ ജോസ് കെ മാണിയെ തളർത്തിയത് ചെറുതായൊന്നുമല്ല. കഴിഞ്ഞ തവണ പാലയിൽ ജയിച്ചിരുന്നെങ്കിൽ റോഷി അഗസ്റ്റിനുപകരം മന്ത്രിയാകേണ്ടിയിരുന്നത് ജോസ് കെ മാണി ആയിരുന്നു. റോഷി മന്ത്രിയായതോടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടു. എന്നും അധികാരത്തിൻ്റെ ചുറ്റും കറങ്ങിയിരുന്ന കേരള കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം റോഷി അഗസ്റ്റിൻ്റെ ചുറ്റിലുമായി. പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജോസ് കെ മാണിയെ ഇതസ്വസ്ഥനാക്കിയിരുന്നു. തുടർന്നു നടന്ന പാർലമെൻ്റ് അദ്ദേശ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത പരാജയങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
ചരിത്രത്തിലാദ്യമായി പാല മുനിസിപ്പാലിറ്റിയിൽ കേരള കോൺഗ്രസിനധികാരം നഷ്ടപ്പെട്ടത് ജോസ് കെ മാണിയെ സംബന്ധിച്ച് കനത്ത പ്രഹരമായിരുന്നു. എൽ. ഡി എഫിൽ നിന്നാൽ പാല സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് മുന്നണി മാറാൻ ജോസിനെ പ്രേരിപ്പിച്ചത്. സി.പി.എമ്മും റോഷി അഗസ്റ്റിനും ചേർന്ന് അതും വെട്ടി. ഇതോടെ പാലയിൽ മത്സരിക്കണോ എന്ന കാര്യത്തിൽ ജോസ് കെ.മാണിക്ക് രണ്ടു മനസായി. അവിടെയും റോഷി അഗസ്റ്റിൻ്റെ ചില പ്രസ്താവനകൾ ജോസ് കെ മാണിയെ ട്രാപ്പിലാക്കി. പാലയിൽ മത്സരിച്ചില്ലെങ്കിൽ ഭയന്നോടിയ ഭീരുവായി ചിത്രീകരിക്കപ്പെടുമെന്ന ചിന്ത പാലയിൽ ത്തന്നെ മത്സരിക്കാനുള്ള തിരുമാനത്തിലേക്കദ്ദേഹത്തെ നയിച്ചു. ഇതോടെ ജോസ് കെ. മാണി തൻ്റെ താരത്തിളക്കം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിയെ സ്വാധീനിച്ച് മാണി സി കാപ്പനറിയാതെ മണ്ഡലത്തിലെ ചിലവികസൗപ്രവർത്തനങ്ങൾക്ക് പണമനുവദിപ്പിച്ചത് ഇതിൻ്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. മണ്ഡലത്തിലെ ഏതു പ്രവർത്തനത്തിൻ്റെയും നടുനായകനായവതരിക്കാൻ ജോസിപ്പോൾ ശ്രമിക്കുന്നതാണ് കാണാൻ കഴിയുന്നത്.
മണ്ഡലത്തിൽ നടത്തുന്ന പൊതുയോഗങ്ങളെല്ലാം തൻ്റെ താരപദവി ഊട്ടിയുറപ്പിക്കാനുള്ള വേദിയാക്കാൻ ശ്രമിക്കുന്നതായാണാരോപണമുയരുന്നത്. തന്നേക്കാൾ തിളക്കമുള്ള നേതാക്കളാരേയും മണ്ഡലത്തിലെത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരെ ജോസ് ചട്ടം കെട്ടിയിരിക്കുന്നതായാണ് പറയപ്പെടുന്നത്. എൽ.ഡി.എഫ് പൊതുയോഗങ്ങളിലൊക്കെ ഉയർന്ന നേതാക്കളെ ഒഴിവാക്കി ജോസിൻ്റെ വൺ മാൻ ഷോയാക്കി മാറ്റാൻ ശ്രമിക്കുന്നതായി എൽ.ഡി.എഫ് വൃത്തങ്ങൾ തന്നെ പരാതിപ്പെടുന്നു. മാത്രവുമല്ല ജോസ് കെ.മാണിയുടെ വേദികളിൽ സി.പി.എം, സി.പി.ഐ കക്ഷി നേതാക്കളെ മാത്രമേ ഇരുത്തുള്ളത്രെ. ചെറിയ ഘടകക്ഷിനേതാക്കൾക്കെല്ലാം സദസിൽ മാത്രമേ സ്ഥാനംനൽകാറുള്ളന്നാണ് ചെറുകക്ഷികൾ വിലപിക്കുന്നത്. ഇത് ഘടകകക്ഷികളിലേറെ അസംതൃപ്തി പടർത്തുകയും എൽ.ഡി.എഫ് സംസ്ഥാന കമ്മറ്റിക്ക് അവർ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.
