ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു.
കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
നടന്‍ പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനംപള്ളിനഗറിലുള്ള വീട്ടിലുമാണ് പരിശോധന നടക്കുന്നത്.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും വാഹനമൊന്നും കണ്ടെത്താനായില്ല.
കസ്റ്റംസിന്റെ മറ്റൊരു ടീമാണ് കൊച്ചിയിലെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
ഭൂട്ടാനി ഭാഷയില്‍ വാഹനം എന്ന് അര്‍ഥം വരുന്ന ‘ഖോര്‍’ എന്ന് പേരിലാണ് ഈ ഓപ്പറേഷന്‍ കസ്റ്റംസ് നടത്തുന്നത്.
ഭൂട്ടാന്‍ പട്ടാളം ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം കുറഞ്ഞ വിലയില്‍ ലേലം ചെയ്ത് നല്‍കാറുണ്ട്.
വാഹനങ്ങള്‍ തീരുവ അടക്കാതെ രാജ്യത്തെത്തിച്ച് ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ചലച്ചിത്ര താരങ്ങള്‍ക്കടക്കം വന്‍ വിലയില്‍ മറിച്ചുവില്‍ക്കുന്ന വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലെ പ്രമുഖ നടന്മാര്‍ക്കും വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്ന സൂചനകളെ തുടര്‍ന്നാണ് റെയ്ഡ്.
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ഏതാനും ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ആഡംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെത്തിച്ച് താത്കാലിക വിലാസമുണ്ടാക്കി രജിസ്‌ട്രേഷന്‍ തരപ്പെടുത്തി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി പ്രത്യേകം ഏജന്റുമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാഹനം വാങ്ങിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിലെ ഈ യുവനടന്മാരുടെ വീടുകളില്‍ ഇപ്പോള്‍ പരിശോധന നടക്കുന്നത്.
ഭൂട്ടാനില്‍ നിന്ന് പഴയ വാഹനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഇതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഭൂട്ടാനില്‍ നിന്ന് വാഹനമെത്തിച്ച ആളുകളുടെ പട്ടിക കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് വിഭാഗം തയാറാക്കിയിരുന്നു.
നടന്മാരും വ്യവസായികളും ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
വാഹനം ഇന്ത്യയില്‍ എത്തിച്ച് നല്‍കുന്ന ഡീലര്‍മാരെ സംബന്ധിച്ചുള്ള അന്വേഷണവും കസ്റ്റംസ് നടത്തിവരുന്നുണ്ടെന്നാണ് സൂചന.
കേരളാ ആന്‍ഡ് ലക്ഷദ്വീപ് കസ്റ്റംസിന്റെ ചുമതലയുള്ള കമ്മീഷണറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.