സവർക്കറെ പുകഴ്ത്തിയ സിപിഐ നേതാവിന് സസ്പെൻഷൻ

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

സവർക്കറെ പുകഴ്ത്തിയ സിപിഐ നേതാവിന് സസ്പെൻഷൻ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സവർക്കർ നടത്തിയ പോരാട്ട‌ത്തെ കണ്ടില്ലെന്ന് നടിക്കാനാകി‌ല്ലെന്നും സവർക്കർ അനുഭവിച്ചത്ര ത്യാഗമൊന്നും കോൺഗ്രസ് നേതാക്കൾ അനുഭവിച്ചിട്ടില്ലെന്നു‌മാണ് ശബ്ദ സന്ദേശത്തിൽ ഷുഐബ് പറയുന്നത്

ആലപ്പുഴ: ബിജെപി സർക്കാരിനെയും സവർക്കറെയും പുകഴ്ത്തി വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദസന്ദേശം പ്രചരിച്ചതിന് പിന്നാലെ സിപിഐ ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ വെൺമണി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷുഐബ് മുഹമ്മദിനെതിരെയാണ് നടപടി. ചെറിയനാട്, കൊല്ലകടവ് പ്രദേശവാസികളുടെ വാട്‌സാപ് കൂട്ടായ്‌മയിൽ നടത്തിയ പ്രതികരണമാണ് വിവാദമായത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സവർക്കർ നടത്തിയ പോരാട്ട‌ത്തെ കണ്ടില്ലെന്ന് നടിക്കാനാകി‌ല്ലെന്നും സവർക്കർ അനുഭവിച്ചത്ര ത്യാഗമൊന്നും കോൺഗ്രസ് നേതാക്കൾ അനുഭവിച്ചിട്ടില്ലെന്നു‌മാണ് ശബ്ദ സന്ദേശത്തിൽ ഷുഐബ് പറയുന്നത്. 14 വർഷത്തിൽ കൂടുതൽ ജയിലിൽ കിടന്ന സവർക്കർ മോശപ്പെട്ട ആളല്ലെന്നും പറയുന്നു.

അഴിമതിരഹിത സർക്കാർ എന്ന നിലയിൽ ബിജെപി ജനങ്ങളുടെ ഇടയിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്നും ജലജീവൻ മിഷൻ, ജൻ ഔഷധി, മുദ്ര വായ്‌പ, പിഎം കിസാൻ എന്നിവ മികച്ചവയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ഷുഐബ് മുഹമ്മദിനെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്യാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചതാ‌യി സെക്രട്ടറി ആർ സന്ദീപ് പറഞ്ഞു. എന്നാൽ കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്യ്രത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന മട്ടിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പരാമർശത്തിന് നൽകിയ മറുപടിയിൽനിന്ന് ഒരു ഭാഗം മാത്രം അടർത്തിയെടുത്തു പ്രചരിപ്പിച്ചതാണെന്ന് ഷുഐബ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top