ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു
കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനായി പാനായിക്കുളത്തു കൊണ്ടു പോയി പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന് മൊഴിയുണ്ടായിട്ടും പൊലീസ് പറയുന്നത് ഈവിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ്. അങ്ങനെ നിയമം ഇല്ലെങ്കിൽ നിയമം നിർമ്മിക്കാനും ലൗ ജിഹാദ്നെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാനും കേരള നിയമസഭ നിയമം പാസാക്കണമെന്നും അദ്ദേഹം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസിൽ അറസ്റ്റിലായ റമീസിന്റെ കുടുംബം പിഎഫ്ഐയുടെ സംരക്ഷണത്തിലാണെന്നും ഷോൺ ജോർജ് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതുവരെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ പിണറായി സർക്കാർ ലൗ ജിഹാദിന് രാഷ്ട്രീയ പരിരക്ഷ നൽകുകയാണെന്ന് വേണം കരുതാൻ.ലൗ ജിഹാദ് എന്ന വാക്ക് നിയമത്തിൽ ഇല്ല എന്നാണ് പറയുന്നത്. എന്നാൽ ഇതൊരു യാഥാർത്ഥ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.
പെൺകുട്ടികളെ പ്രണയം നടിച്ച് ചതിക്കുഴികളിലാക്കി നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്ന പ്രവർത്തികളെ അംഗീകരിക്കാൻ കഴിയില്ല. ഇതിനൊക്കെ നേതൃത്വം നൽകുന്നതിൽ രാജ്യവിരുദ്ധ ശക്തികളെന്ന് പറഞ്ഞ് മാറ്റി നിർത്തിയ സംഘടനകളുടെ പങ്ക് വളരെ വലുതാണ്. കോതമംഗലത്തു ആത്മഹത്യ ചെയ്ത പെൺകുട്ടിയെ പാനായിക്കുളത്തു കൊണ്ടു പോയപ്പോയി മതം മാറാൻ നിർബന്ധിച്ചതിൽ അറസ്റ്റ് ചെയ്ത യുവാവിന്റെ ബന്ധുക്കൾ മാത്രമല്ല മറ്റ് ചിലരും അവിടെയുണ്ടായിരുന്നെന്നും ഷോൺ ജോർജ് ആരോപിച്ചു.എന്നാൽ പൊലീസ് ഈ നിമിഷം വരെ ആ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില.കേസിൽ അറസ്റ്റിലായ റമീസിന്റെ കുടുംബം പിഎഫ്ഐയുടെ സംരക്ഷണത്തിലാണ്. പൊലീസിന് അവരെ ചോദ്യം ചെയ്യുന്നതിന് പിഎഫ്ഐയുടെ അനുമതി വേണമെന്ന തരത്തിലെത്തിയിരിക്കുകയാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.