കേരള വിദ്യാഭ്യാസ മാതൃക, പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്; മന്ത്രി വി ശിവൻകുട്ടി.

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

കേരള വിദ്യാഭ്യാസ മാതൃക, പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്;  മന്ത്രി വി ശിവൻകുട്ടി.

പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പുന്നമൂട് ​ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേയും കോട്ടുകാൽ എൽ പി സ്കൂളിലെയും വെങ്ങാനൂർ ഗവ മോഡൽ എച്ച് എസ്സ് എസ്സിലെയും വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നു.
വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റമല്ല, വ്യക്തിത്വത്തിന്റെ, സംസ്കാരത്തിന്റെ, സാമൂഹിക വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും കൈകോർത്തു നടത്തുന്ന പദ്ധതികൾ, പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഉയർച്ചയിലൂടെ നവകേരളത്തിന്റെ വഴി തെളിയിക്കുന്നു.
ഇന്നത്തെ കുട്ടികൾ തന്നെയാണ് നാളെയുടെ നവകേരള സൃഷ്ടാക്കൾ.
കുഞ്ഞുങ്ങൾക്കുള്ള സൗകര്യങ്ങളും, പഠനത്തോടുള്ള പ്രോത്സാഹനവും, സ്മാർട്ട് പ്രവർത്തനാന്തരീക്ഷവും ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാവുന്ന ആധുനിക മാറ്റങ്ങൾക്കും അടിസ്ഥാനവികസന പ്രവർത്തനങ്ങൾക്കും ഈ പദ്ധതികൾ ഉത്തേജനമാണ്.
കുട്ടികളുടെ മികച്ച ഭാവി മുൻനിർത്തിയാണ് ഇത്തരം പദ്ധതികൾ നമ്മുടെ സർക്കാർ കൊണ്ടുവരുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു.
കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നമൂട് ​ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിൽ, പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും സംയുക്തമായി തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നേതൃത്വത്തിൽ, സ്റ്റാർസ് പദ്ധതിയിലുടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.
പ്രീപ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം രൂപപ്പെടുത്തിയ വർണ്ണക്കൂടാരം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ചയ്ക്കും ഭാഷാ – ശാസ്ത്രീയ – കലാഭിരുചി വളർത്തുന്നതിനും ഉപയോഗശേഷിയുള്ള 13 ആവാസവ്യവസ്ഥകളാണ് ഒരുക്കുന്നത്‌.
മൂന്ന് വിദ്യാലയങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എം വിൻസെൻ്റ് എം എൽ എ അധ്യക്ഷത വഹിച്ചു.
പുന്നമൂട് ​ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ഹെഡ്മിസ്ട്രസ് സിന്ധു എസ് എസ് തുടങ്ങിയവർ പങ്കെടുത്തു.
വെങ്ങാനൂർ ഗവ മോഡൽ എച്ച് എസ്സ് എസ്സിലെ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ബീന ടി എസ്, വാർഡ് അംഗം മിനി വേണുഗോപാൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടുകാൽ ഗവ. എൽ.പി എസ്സിൽ നടന്ന പരിപാടിയിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രലേഖ കെ, ഹെഡ്മിസ്ട്രസ് ദീപ എസ് എസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top