കേസൺ ഫാർമ(Kayson Pharma) നിർമിച്ച കഫ്സിറപ്പാണ് ആശങ്ക പരത്തിയിരിക്കുന്നത്.
ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് തിങ്കളാഴ്ച അഞ്ചുവയസ്സുകാരൻ മരിച്ചത്.
മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു.
ചുമയും പനിയും ബാധിച്ചാണ് നിതീഷിനെ ചിരാനയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്.
ഡോക്ടർ എഴുതിക്കൊടുത്ത ചുമ മരുന്ന് രാത്രി പതിനൊന്നരയോടെയാണ് അമ്മ നിതീഷിന് നൽകിയത്.
പുലർച്ചെ മൂന്നുമണിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു.
അൽപം വെള്ളം കൊടുത്തതിനുശേഷം മകനെ കിടത്തിയുറക്കിയെങ്കിലും പിന്നീട് അവൻ എഴുന്നേറ്റില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
നിതീഷിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഡോക്ടർ നിർദേശിച്ച ഡോസ് മാത്രമാണ് നൽകിയിരുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു.
അഞ്ചുവയസ്സുകാരന്റെ മരണം പുറത്തുവന്നതോടെ മറ്റൊരു രണ്ടുവയസ്സുകാരനും സമാന സാഹചര്യത്തിൽ മരിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്.
സെപ്തംബറിലാണ് രണ്ടുവയസ്സുകാരനായ സാമ്രാട്ട് ജാദവ് ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ മരിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
ചുമയും പനിയും ബാധിച്ചാണ് സെപ്തംബർ 22-ന് സാമ്രാട്ടിനെയും രണ്ട് സഹോദരങ്ങളെയും സമീപത്തുള്ള സർക്കാർ ഹെൽത്ത് സെന്ററിൽ എത്തിച്ചത്.
കേസൺ ഫാർമ നിർമിച്ച മരുന്നാണ് നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു.
മൂന്നു മക്കൾക്കും മരുന്ന് കൊടുത്ത് അഞ്ചു മണിക്കൂറോളം അവർ എഴുന്നേൽക്കാതിരുന്നത് ആശങ്കപ്പെടുത്തിയെന്ന് മാതാപിതാക്കൾ പറഞ്ഞു.
രണ്ടു മക്കളെ എഴുന്നേൽപ്പിച്ചപ്പോഴേക്കും അവർ ഛർദിച്ചു. പക്ഷേ മകൻ സാമ്രാട്ട് അബോധാവസ്ഥയിൽ തുടരുകയും ഉടൻതന്നെ ഭരത്പൂരിലുള്ള ആശുപത്രിയിലും ജയ്പൂരിലുള്ള ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
സംഭവം പുറത്തു വന്നതിനു പിന്നാലെ മറ്റൊരു മൂന്നു വയസ്സുകാരന്റെ അമ്മയും പരാതിയുമായെത്തി.
ചുമ മരുന്ന് കഴിച്ച തന്റെ മകന്റെ ആരോഗ്യാവസ്ഥ മോശമായെന്ന് പറഞ്ഞതോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗി താൻ എഴുതിയ മരുന്നിന്റെ സുരക്ഷിതത്വം തെളിയിക്കാൻ മരുന്ന് കുടിച്ചത്.
ഭരത്പൂരിലേക്ക് കാറോടിച്ച് പോവുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും വഴിയരികിൽ വണ്ടി നിർത്തുകയുമായിരുന്നു.
അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തപ്പോഴാണ് എട്ടുമണിക്കൂറോളമായി കാറിൽ അബോധാവസ്ഥയിലായിരുന്നുവെന്ന് വീട്ടുകാർക്ക് മനസ്സിലായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ പ്രസ്തുത സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.
ശ്വാസതടസ്സത്തിനും അമിതക്ഷീണത്തിനും കാരണമായ ചുമ മരുന്നിന്റെ വിതരണം വിലക്കിയെന്ന് ബൻസ്വാരയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. പ്രദ്യുമൻ ജെയ്ൻ എൻഡി ടിവിയോട് പറഞ്ഞു.
മരുന്നിന്റെ ഡോസ് കൂടിപ്പോയതാവാം കാരണമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു