പോങ്ങനാട് : പ്രണാരിമുക്ക് ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട് സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതി.
കിളിമാനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡിൽ സ്ഥിരമായി ഉണ്ടായിരുന്ന നീരൊഴുക്ക് തടയുന്നതിനായി 6 മാസം മുൻപ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.
വെള്ളക്കെട്ട് ഉള്ള ഭാഗം കഴിഞ്ഞുള്ളിടത്തായിരുന്നു കോൺക്രീറ്റിങ്.
അതിനു ശേഷമാണ് റോഡ് വെള്ളക്കെട്ട് ആയി മാറിയതെന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ റോഡിൽ കെട്ടി നിൽക്കുകയാണ്.
പതിവായി വെള്ളം കെട്ടി നിൽക്കുന്നതു കാരണം ഇവിടെ റോഡ് രണ്ടടിയോളം താഴ്ന്നതായി നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെ ആണ് ഇവിടം കടക്കുന്നത്.
കാൽനടക്കാരും, പോങ്ങനാട് ഹൈസ്കൂളിലെ വിദ്യാർഥികളും റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അതിര് വഴിയാണ് നടന്നു പോകുന്നത്.