മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ

മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ

മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 ശതമാനമാണ്. സി.ഡി. റേഷ്യോ 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ റേഷ്യോ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സിഡി റേഷ്യോ കെ.ജി.ബി (85.17 ശതമാനം), കാനറാബാങ്ക് (78.18 ശതമാനം), എസ്.ബി.ഐ (47.89 ശതമാനം), ഫെഡറല്‍ ബാങ്ക് (30.43 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (39.01 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ സിഡി റേഷ്യോ.

വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ പാദത്തിലെ മലപ്പുറം ജില്ലയുടെ മുന്‍ഗണന മേഖലയുടെ നേട്ടം 87 ശതമാനമാണ്. 13,300 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി 11,512 കോടി രൂപയുടെ വായ്പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള ദ്വിതീയ മേഖലയിലെ നേട്ടം 80 ശതമാനവും ത്രിതീയ മേഖലയിലെ നേട്ടം 49 ശതമാനവുമാണ്. യഥാക്രമം 3,910 കോടി രൂപയും 916 കോടി രൂപയും വായ്പ നല്‍കാനായതായി യോഗം വിലയിരുത്തി. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായതും സമയബന്ധിതവുമായ വായ്പ നല്‍കാന്‍ സഹായിക്കുന്ന പദ്ധതിയായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഉപഭോക്താക്കളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

മലപ്പുറം എല്‍.ഡി.എം എം.വി. അഞ്ജനദേവ്, തിരുവനന്തപുരം ആര്‍.ബി.ഐ. എല്‍.ഡി.ഒ. വി.എസ്.അഖില്‍, കനറാ ബാങ്ക് റീജിയണല്‍ ഹെഡ് പുലി സായ് കൃഷ്ണ, മലപ്പുറം നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top