മിസൈൽ വർഷം കുറച്ച് ഇറാൻ, ആക്രമണം കടുപ്പിച്ച് യുഎസ്

വാഷിംഗ്ടൺ/ടെഹ്‌റാൻ : പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലുടനീളം യുദ്ധം അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ ഇറാനിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.

ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സൈനിക നടപടികൾ തീവ്രമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ 83 ശതമാനവും കുറവുണ്ടായതായി യു.എസ്. സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു.

എന്നിരുന്നാലും, ഇറാന്റെ നാവിക-മിസൈൽ ശേഷി തകർക്കാൻ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. ഇറാന്റെ ഒരു കൂറ്റൻ ഡ്രോൺ കാരിയർ ഉൾപ്പെടെ 30-ലധികം കപ്പലുകൾ യുഎസ് തകർത്തു. ബി-2 ബോംബറുകൾ ഉപയോഗിച്ച് ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 2,000 പൗണ്ട് ഭാരമുള്ള ബങ്കർ തുളയ്ക്കുന്ന ബോംബുകൾ വർഷിച്ചു. വരും ദിവസങ്ങളിൽ യുദ്ധം കൂടുതൽ കടുക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top