യുവതിക്ക് ദുരനുഭവം

തിരുവനന്തപുരം : മസാജിംഗ് ജോലിക്ക് ഇന്റർവ്യൂവിനെന്ന പേരിൽ വിളിച്ചുവരുത്തിയ 23കാരിയെ സ്ഥാപന ഉടമ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സെക്രട്ടേറിയറ്റിന് എതിർവശത്തെ സ്പാ കേന്ദ്രം മേയർ വി.വി. രാജേഷ് ഇടപെട്ട് അടച്ചുപൂട്ടിച്ചു. പൊലീസിന്റെ സഹായത്തോടെ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ‘സ്‌പർശൻ വെൽനസ് സ്‌പാ പ്രീമിയം’ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

സെക്രട്ടേറിയറ്റിന് എതിർവശത്തെ ക്യാപിറ്റൽ ടവറിൽ സ്പാ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഭാഗത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. തനിക്കുണ്ടായ ദുരനുഭവം യുവതി ഇന്നലെ വൈകിട്ട് മൂന്നോടെ മേയറെ വിളിച്ചു പറയുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ച മേയർ കന്റോൺമെന്റ് പൊലീസിന് വിവരം കൈമാറി. തുടർന്ന് ഇന്നലെ അവധി ദിനമായിട്ടും ഹെൽത്ത് വിഭാഗത്തോട് സ്ഥാപനത്തിൽ പരിശോധനയ്ക്ക് നിർദ്ദേശിച്ചു.

സ്ത്രീകൾക്കു വേണ്ടിയുള്ള മസാജിംഗ് ജോലിയുടെ ഇന്റർവ്യൂവിന് കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി സ്ഥാപനത്തിലെത്തിയത്. ഇന്റർവ്യൂവിനിടെ സ്ഥാപന ഉടമയായ പുരുഷൻ തന്നെ മസാജ് ചെയ്യാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച യുവതിയെ ഉടമ കടന്നാക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ യുവതി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ഭയംകാരണം പൊലീസിൽ പരാതി നൽകിയില്ല.

തിരുവല്ലയിലെ സ്‌പാ സെന്ററിൽ നടന്ന ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് മേയർ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതി മേയറെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top