ജലവിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലുണ്ടായ പൊട്ടൽ പൂർണമായും പരിഹരിച്ചു. ഇന്നലെ വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലായി. ഉയർന്ന പ്രദേശങ്ങളിലേക്ക് ഇന്ന് വൈകിട്ടോടെ കുടിവെള്ളമെത്തി തുടങ്ങും. ഇതോടെ വെള്ളയമ്പലം മുതൽ അമ്പലമുക്ക് വരെയുള്ള നഗരപ്രദേശങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്.

ഭൂമിക്കടിയിൽ മൂന്ന് മീറ്റർ താഴ്ചയിലുണ്ടായിരുന്ന 400 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയിരുന്നത്. പൈപ്പിലൂടെയുള്ള ജലം സമീപത്തെ ഓടയിലേക്ക് നേരിട്ട് ഒഴുകുകയായിരുന്നു. ഇതേത്തുടർന്ന് ലൈനിലെ ജലമർദ്ദം കുറയുകയും മുകൾ നിലകളിലെ ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഇതോടെ വെള്ളയമ്പലം,കവടിയാർ,അമ്പലമുക്ക് ഭാഗങ്ങളിലെ നിരവധി ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ദുരിതത്തിലായി.

പൈപ്പ് പൊട്ടിയ വിവരം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും റോഡ് പൊളിച്ചു പണി നടത്താനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കാൻ വൈകിയതാണ് പണികൾ നീണ്ടുപോകാൻ കാരണമായതെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 7ന് വൈകിട്ട് 6ഓടെ റോഡ് പൊളിച്ചാണ് പണികൾ തുടങ്ങിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് 6വരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ചതിന് ശേഷം കുഴി നികത്തി റോഡ് താത്കാലികമായി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഈ ഭാഗം ബിറ്റുമിൻ ഉപയോഗിച്ച് ടാർ ചെയ്ത് പഴയപടിയാക്കുമെന്ന് വാട്ടർ അതോറിട്ടി ഓവർസിയർ അറിയിച്ചു. ജലവിതരണം പൂർവസ്ഥിതിയിലായതോടെ നഗരത്തിലെ പ്രധാന മേഖലകളിലെ ജലക്ഷാമത്തിന് ‌ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top