ബെംഗളൂരു : ഒരു വർഷത്തിന് ശേഷം ബെംഗളൂരുവിലെ നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ( ബിഎംആർസിഎൽ ) ഒരുങ്ങുന്നു. ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ചേക്കും. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ബിഎംആർസിഎല്ലിൻ്റെ നടപടി. പുതുക്കിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിച്ചേക്കും.
നിലവിൽ ബെംഗളൂരു മെട്രോയുടെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 90 രൂപയുമാണ്. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, യാത്രാ ദൂരമനുസരിച്ചു ടിക്കറ്റ് നിരക്കിൽ ഒന്നുമുതൽ അഞ്ചു രൂപവരെ വർധിച്ചേക്കും. ഇതോടെ കുറഞ്ഞ നിരക്ക് 10 രൂപയിൽനിന്ന് 11 രൂപയായും കൂടിയ നിരക്ക് 90 രൂപയിൽനിന്ന് 95 രൂപയായും വർധിച്ചേക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ടിക്കറ്റ് നിരക്കിൽ 110 ശതമാനം വർധന വരുത്താൻ ബിഎംആർസിഎൽ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളിലും നിന്നും യാത്രക്കാരിൽ നിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇത് 71 ശതമാനമാക്കി കുറച്ചിരുന്നു.
2024–25 സാമ്പത്തിക വർഷം ബെംഗളൂരു മെട്രോയുടെ പ്രവർത്തന ലാഭം 229.4 കോടി രൂപയായിരുന്നു. എന്നാൽ നികുതിക്കുശേഷമുള്ള നഷ്ടം 623.9 കോടി രൂപയായി ഉയർന്നു. 2023–24ൽ ഇത് 350.7 കോടി രൂപയായിരുന്നു. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ നഷ്ടം ഉയർന്നേക്കുമെന്ന് ബിഎംആർസിഎൽ കരുതുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം തുടർന്നേക്കില്ലെന്നും ബിഎംആർസിഎൽ കരുതുന്നുണ്ട്.
നിലവിൽ 13,106.65 കോടി രൂപയുടെ വായ്പാ ബാധ്യത നമ്മ മെട്രോയ്ക്ക് ഉണ്ട്. ഇതിനു പുറമേ, 21,521 കോടി രൂപയുടെ സബോർഡിനേറ്റ് കടവും മെട്രോയുടെ ബാധ്യതയാണ്. 2025-26, 2029-30 സാമ്പത്തിക വർഷങ്ങൾക്കിടയിൽ ബിഎംആർസിഎല്ലിന് 9651.6 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ഉണ്ട്.
അതേസമയം നിരക്ക് വർധനയ്ക്ക് പിന്നിൽ സംസ്ഥാന സർക്കാരിൻ്റെ ഇടപെടലില്ലെന്നും ബിഎംആർസിഎൽ ബോർഡ് ആണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നും നഗരവികസന വകുപ്പ് അഡീഷണഷൽ ചീഫ് സെക്രട്ടറി തുഷാർ ഗിരി നാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. അതിനിടെ, സ്മാർട്ട്കാർഡുകൾ ഉപയോഗിച്ചും ക്യൂആർ കോഡുകൾ ഉപയോഗിച്ചും യാത്ര ചെയ്യുന്നവരെ നിരക്ക് വർധനയുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
