ദമ്പതികളുടെ അപകടമരണം

ദമ്പതികളുടെ അപകടമരണം

കിളിമാനൂർ : അമിത വേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ 17 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എംസി റോഡിലെ ഗതാഗതം അരമണിക്കൂറോളം പൂർണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങൾക്കിടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി മാർച്ച് അവസാനിക്കുന്നതു വരെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വർക്കല ഡിവൈഎസ്പി ബി ഗോപകുമാർ ഒ എസ് അംബിക എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഇർഷാദ്, ജി എൽ അജീഷ്, മുൻ പ‍ഞ്ചായത്ത് പ്രസിഡന്റ് എൽ സലിൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മാർച്ച് അവസാനിപ്പിച്ചത്. രജിത്തിന്റെ സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ വൈകിട്ട് 6ന് വീട്ടുവളപ്പിൽ നടന്നു.

ഈ മാസം 4ന് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ മുക്കുന്നം പുതുക്കോട് രാജേഷ്ഭവനിൽ എം.രജിത്ത് (41) ഭാര്യ അംബിക (36) എന്നിവർ മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ രജിത്തും ഭാര്യയും കിളിമാനൂരിൽ നിന്നു ബൈക്കിൽ പുതുക്കോട്ടെ വീട്ടിലേക്ക് പോകവേ, അമിത വേഗത്തിൽ പിറകെ എത്തിയ ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദമ്പതികളെ ഇടിച്ചിട്ട ജീപ്പ് വീണ്ടും പിറകോട്ട് എടുത്ത് അംബികയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നു ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് ഇടിച്ചിട്ട ശേഷം മുന്നോട്ട് പോയ ജീപ്പിന്റെ ടയർ പഞ്ചറായി വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. വീണ്ടും ഇതേ വാഹനം ഓടിച്ചു പോയി അടയമൺ ഇരട്ടക്കുളത്ത് ഉപേക്ഷിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അംബിക 7നും രജിത്ത് 19നും മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 3:20ന് രജിത്തിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിച്ചാണ് ബന്ധുക്കളും നാട്ടുകാരും മാർച്ച് നടത്തിയത്.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top