തിരുനാവായ : മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഭാരതപ്പുഴയിൽ പുണ്യസ്നാനംചെയ്ത് വിശ്വാസികൾ. ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകറിന്റെ കാർമികത്വത്തിൽ വേദമന്ത്രോച്ചാരണങ്ങളോടെയാണ് ചൊവ്വാഴ്ച സ്നാനം നടന്നത്. തിങ്കളാഴ്ച ആരംഭിച്ച നിളാസ്നാനം മേള തീരുന്ന ഫെബ്രുവരി മൂന്നുവരെ തുടരും.
ഭാഗവതാചാര്യന്മാരുടെ കൂട്ടായ്മയായ ഭാഗവതയോഗം ആചാര്യന്മാർ നയിച്ച അഖണ്ഡനവകോടിനാരായണജപാർച്ചനയും വൈകീട്ട് കാശിയിൽനിന്നുള്ള പണ്ഡിറ്റുമാർ കാർമികത്വം വഹിക്കുന്ന നിളാ ആരതിയുമുണ്ടായി. ഈ ചടങ്ങുകളും മൂന്നുവരെ തുടരും. ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായി പുറപ്പെട്ട രഥയാത്ര പാലക്കാട് ജില്ലയിലെ സ്വീകരണങ്ങൾക്കുശേഷം 22-നു വൈകീട്ട് തിരുനാവായയിലെത്തും.
മോഹൻജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ദിവസവുമുള്ള നിളാ ആരതി. പുറമേനിന്നെത്തുന്നവർക്ക് ഇത് ദർശിക്കാം. വഴിപാടായി നടത്താൻ കഴിയില്ല. മറ്റു വഴിപാടുകൾക്ക് ക്ഷേത്രമുറ്റത്തെ കൗണ്ടറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഭാരതപ്പുഴയുടെ മധ്യത്തിലുള്ള മണൽത്തിട്ടിലാണ് നിളാആരതി. തിരുനാവായ പടിഞ്ഞാറേക്കടവിൽനിന്ന് ഇങ്ങോട്ട് താത്കാലിക പാലം പണിതിട്ടുണ്ടെങ്കിലും അതിന് സുരക്ഷാപരമായ കാരണങ്ങളാൽ അനുമതി ലഭിക്കാത്തതിനാൽ തോണിയിലാണ് കർമികളും സംഘാടകരും ഇങ്ങോട്ടെത്തുന്നത്. നാവാമുകുന്ദ ക്ഷേത്രത്തിന്റെ തെക്കുവശത്തെ പടവുകളിലിരുന്നു കാണാനുള്ള സൗകര്യമാണ് ഇവിടെ ഭക്തർക്ക് ഉള്ളത്. പുഴയിൽ ആരതി നടക്കുന്നിടത്തുചെന്ന് ചടങ്ങ് ദർശിക്കണമെന്നുള്ളവർക്ക് പുഴയുടെ മറ്റേക്കരയായ തവനൂരിലൂടെ വരാം. കുറ്റിപ്പുറം-തൃശ്ശൂർ പാതയിൽ കുറ്റിപ്പുറം പാലത്തിനടുത്തായുള്ള തവനൂർറോഡ് ജങ്ഷനിൽനിന്ന് അയങ്കലം വഴി തവനൂരിലെത്താം. തവനൂർ ആശുപത്രിക്കരികിലൂടെയുള്ള റോഡിലൂടെ ചെന്നാൽ ബ്രഹ്മാ, ശിവക്ഷേത്രങ്ങൾക്കുസമീപമെത്തും. അവിടെനിന്നുള്ള വഴികളിലൂടെ പുഴയിലേക്ക് മണൽത്തിട്ടിലൂടെ നടന്നുപോകാം.
22-ന് ഗണേശജയന്തിദിനത്തിൽ സൂര്യഗണപതിപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. അന്നുമുതൽ സവിശേഷമായ ഒട്ടേറെ ചടങ്ങുകളും പൂജകളും ഉണ്ടാകും. വിവിധ ജില്ലകളിൽനിന്ന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ നടത്തുന്ന ബസുകൾ 24 മുതലാണ് എത്തിത്തുടങ്ങുക.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
