സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരും

സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരും

ന്യൂഡൽഹി : തെരുവുനായ ആക്രമണങ്ങളിൽ ഒന്നും ചെയ്യാതിരിക്കുന്ന സംസ്ഥാനങ്ങൾ കനത്തപിഴ നൽകേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. നായകൾക്ക് തെരുവിൽ തീറ്റകൊടുക്കുന്നവരെയും ഉത്തരവാദികളാക്കുമെന്നും വീട്ടിൽക്കൊണ്ടുപോയി ഭക്ഷണം കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു.

കുട്ടികൾക്കും പ്രായമായവർക്കും നേരേയുള്ള നായകളുടെ ഓരോ കടിക്കും മരണത്തിനും പരിക്കിനും സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും തെരുവുനായ വിഷയത്തിൽ വാദത്തിനിടെ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർജി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.

നായപ്രേമികൾക്കായി നീണ്ട അഭിഭാഷകനിര ഹാജരാകുമ്പോൾ മനുഷ്യരുടെ ഭാഗം പറയാൻ ആരുമില്ലെന്ന് ചൊവ്വാഴ്ച വാദത്തിനിടെ കോടതി നിരാശ പ്രകടിപ്പിച്ചു. 2011-ൽ ജഡ്ജിയായ ശേഷം താൻ കേട്ട ദൈർഘ്യമേറിയ വാദമാണ് തെരുവുനായ കേസിലേതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. മനുഷ്യർക്കുവേണ്ടി ഇതുവരെ ആരും ഇത്രയധികം വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകൾക്കായി ദേശീയ ദത്തെടുക്കൽ ദൗത്യം വേണമെന്നും ദത്തെടുക്കുന്നവർക്ക് ഇൻസെന്റീവ് നൽകണമെന്നും മൃഗസ്‌നേഹികളുടെ വാദമുയർന്നപ്പോൾ തെരുവിലുള്ള അനാഥക്കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആരും പറയുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പൊതുസ്ഥാപനങ്ങൾക്കടുത്തുനിന്ന് നായകളെ നീക്കണമെന്ന ഉത്തരവ് ചട്ടപ്രകാരമാണെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ പറഞ്ഞപ്പോൾ ഉത്തരവിനെ അനുകൂലിച്ച് വാദിക്കുന്ന ആദ്യത്തെയാളാണ് ദത്തറെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top