ആലുവ: ദേശീയപാതയ്ക്കരികിൽ പുളിഞ്ചോട് ജംഗ്ഷനിൽ ചവറ് കത്തിക്കുന്നതിനിടയിൽ ആക്രിക്കടയിൽ തീപിടുത്തം. കപ്പൽ അവശിഷ്ടങ്ങ ളടക്കം കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 5.10 ഓടെയായിരുന്നു തീ പിടുത്തം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. നാലു മണിക്കൂറോളം ആറ് ഫയർ യൂണിറ്റുകൾ കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. ആളപായമില്ല.
തീ വളരെ ഉയരത്തിൽ കത്തിയതോടെ വടക്ക് ഭാഗത്തുള്ള കാർ ഷോറൂമിന്റെ എസികൾ ചൂടേറ്റ് ഉരുകിപ്പോയി. ടാറ്റാ കാർ ഷോറൂമിലെ 20 ഓളം കാറുകൾ മുൻകരുതൽ എന്ന നിലയ്ക്ക് പുറത്തേക്ക് മാറ്റി.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെ വലിയ കപ്പൽ അവശിഷ്ടങ്ങളാണ് ആക്രി ക്കടയിൽ സൂക്ഷിച്ചിരുന്നത്. ഉപയോഗശുന്യമായ ടയറുകളും കോപ്പർ കേബിളുകളും ഉണ്ടായിരുന്നു. അവശിഷ്ടങ്ങളിൽ ഓയിലിന്റെ അംശം ഉണ്ടായിരുന്നതിനാൽ തീ നിയന്ത്രിക്കാനായില്ല.
ആലുവ, അങ്കമാലി, ഏലൂർ മേഖലകളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകളെത്തിയിരുന്നു. സമീപത്തെ മെട്രോ സ്റ്റേഷനിൽ നിന്നും പുറത്ത് നിന്ന് ടാങ്കർ ലോറികളിലും വെള്ളം എത്തിച്ചുമാണ് തീയണച്ചത്.
തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്റേതാണ് ആക്രിസാധനങ്ങൾ. തീപിടുത്തത്തെ തുടർന്ന് ആലുവ ദേശീയ പാതയിൽ വാഹനങ്ങൾ കിലോ മീറ്ററോളം ഗതാഗതക്കുരുക്കിലമർന്നു. ഫയർ എൻജിനുകളും കാഴ്ചക്കാരും എത്തിയതോടെ യാത്രാ വാഹനങ്ങൾ ദേശീയപാത കടന്നു പോകാൻ മണിക്കൂറുകളെടുത്തു.
