കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സൂപ്പർ പ്രതിപക്ഷമായി ഒരു ഗവർണർ മാറുന്ന കാഴ്ചക്കായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ 2019-ൽ കേരളത്തിന്റെ ഗവർണർ പദവിയേറ്റെടുത്തത് മുതലിങ്ങോട്ടു കേരളം സാക്ഷിയായത്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായതോടെ കലാലയങ്ങളിലെ സമരങ്ങളെ മറന്നുപോയ എസ്എഫ്ഐക്ക് ആരിഫ് മുഹമ്മദ് ഖാന്റെ വരവും നിലപാടുകളും സമരമുഖത്തെ പുറംതട്ടിയെടുക്കാനുള്ള പുതിയ ഊർജവുമായി. അത്രമാത്രമായിരുന്നു സർവകലാശാലകളിലെ വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തുറന്നുവിട്ട നിയമപോരാട്ടങ്ങളും തെരുവുയുദ്ധങ്ങളും. താനൊരു റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിക്കാൻ ഗവർണറും ഗവർണർ പദവി പോലും ആവശ്യമില്ലാത്തതാണെന്ന് പറഞ്ഞ് സർക്കാരും തിരിച്ചടിച്ചപ്പോൾ പല വിചിത്ര കാഴ്ചകളും കേരളത്തിലുണ്ടായി.
വിദ്യാർഥികളെ വെല്ലുവിളിച്ച് ഗവർണർ തെരുവിൽ കസേരയിട്ടിരുന്നു, വഴിതടയലും കരിങ്കൊടി കാണിക്കലുമെല്ലാം സ്ഥിരം കാഴ്ചയായി. എന്തിന്, സർക്കാർ തന്നെ ഗവർണർക്കെതിരേ പ്രത്യക്ഷ സമരപരിപാടി നടത്തി. 2024-ൽ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽനിന്ന് പോയി രാജേന്ദ്ര അർലേക്കർ പുതിയ ഗവർണറായി നിയമിതനായിട്ടുപോലും നിലപാടുകളിൽ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. നിയമപോരാട്ടങ്ങൾ സുപ്രീം കോടതിവരെയെത്തി. ഇതിനായി സർക്കാരും ഗവർണറും ഖജനാവിൽനിന്ന് ചെലവിട്ട പണത്തിന് കയ്യും കണക്കുമില്ല.
