ജലവിതരണത്തിന് പകൽ നിയന്ത്രണം

ജലവിതരണത്തിന് പകൽ നിയന്ത്രണം

തിരുവനന്തപുരം: പേട്ട- വെൺപാലവട്ടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പണികൾക്കായി പകൽ സമയങ്ങളിൽ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണികൾ പൂർത്തിയാകുന്നതു വരെ പകൽ സമയങ്ങളിൽ വാൽവുകൾ അടച്ചിടാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം.

പേട്ട- ആനയറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പുകൾക്ക് പകരം 200 എം എം വലിപ്പമുള്ള പൈപ്പാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതിന്റെ ഫാബ്രിക്കേഷൻ, ഇന്റർ കണക്ഷൻ ജോലികളാണ് നടക്കുന്നത്. ഇതുമൂലം കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇതിനിടെ റോഡ് പണി മൂലം ചില സ്ഥലങ്ങളിൽ പഴയ പൈപ്പുകൾ പൊട്ടുന്നതും പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്. ഇത് വലിയ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് പേട്ട കൗൺസിലർ അഡ്വ എസ് പി ദീപക്കിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അധികൃതരുമായി ചർച്ച നടത്തി. നിർമ്മാണ പ്രവർത്തനങ്ങളും പൈപ്പ് പണിയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പണി പൂർത്തിയാക്കുന്നതോടെ പഴയതിനേക്കാൾ ഇരട്ടി ശക്തിയിൽ വെള്ളം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top