കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികൾ ആരംഭിച്ചതോടെ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് തിരികെ കടക്കുന്നത് വൻതോതിൽ വർധിച്ചതായി റിപ്പോർട്ട്. ബംഗാൾ മേഖലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയാണ് ഈ തിരിച്ചുപോക്ക് നടക്കുന്നത്.
നോർത്ത് 24 പർഗാനാസ്, മാൽഡ ജില്ലകളിൽ നിന്നുള്ള തിരിച്ചുപോക്കിൽ വലിയ വർധനയുള്ളതായി ബിഎസ്എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എസ്ഐആർ കാരണം പിടിക്കപ്പെടുമെന്ന ഭയമോ നിലവിലെ പോലീസ് പരിശോധനകളിൽ ആശങ്കപ്പെടുന്നവരോ ആകാം ഇത്തരത്തിൽ തിരികെ പോകാൻ ശ്രമിക്കുന്നത് എന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. മുമ്പ് വല്ലപ്പോഴും മാത്രമാണ് തിരിച്ചുപോകുന്നവരുടെ എണ്ണം രണ്ടക്കത്തിൽ എത്തിയിരുന്നതെങ്കിൽ, ഇപ്പോൾ ദിവസവും 100-150 പേർ വരെ മടങ്ങിപ്പോകുന്നുണ്ട്.
അതിർത്തി കടക്കുന്നവരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ബിഎസ്എഫും പോലീസും പരിശോധിച്ച് വരികയാണ്. അതിർത്തി കടക്കുന്നവരുടെ ബയോമെട്രിക് പരിശോധന, ചോദ്യംചെയ്യൽ, ക്രിമിനൽ പശ്ചാത്തല പരിശോധന എന്നിവ ഇരു അതിർത്തി സേനകളും നടത്തുന്നുണ്ട്. രേഖകളില്ലാത്തവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേനയ്ക്ക് കൈമാറുകയാണ് പതിവ്.
