ലൂല ബ്രസീലിൻ്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും ചെയ്തു
പീരുമേട്ടിലെ മലനിരക്കിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച ജീപ്പുണ്ടാകില്ല. അതിന്റെ മുൻ സീറ്റിലിരിക്കാൻ വാഴൂർ സോമനും. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാർട്ടിയിൽ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്’- ഇതായിരുന്നു കത്തിലെ വരികൾ. ആ കരുതലിൽ വാഴൂർ സോമൻ കാറ് വാങ്ങിയെങ്കിലും മലമടക്കുകളിലൂടെയുള്ള യാത്രക്ക് ജീപ്പല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാൻപലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു. 1991 മെയ് 21ന് വണ്ടിപ്പെരിയാറിൽ നടന്ന ഒരു പൊതുയോഗത്തിൽ വാഴൂർ സോമന്റെ സഹപ്രവർത്തകൻ പ്രസംഗം നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമർശം. അന്നു രാത്രി ചാവേർ ആക്രമണത്തിൽ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ വാഴൂർ സോമന്റെ ജീപ്പ് കോൺഗ്രസ് പ്രവർത്തകർ അഗ്നിക്കിരയാക്കി. പിന്നീട് 2006-ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയി സ്ഥാനമേറ്റതിനെ തുടർന്നാണ് മഹീന്ദ്ര മേജർ വാങ്ങിയത്.