പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സംഭവം ആഴത്തിലുള്ള വേദനയും ആക്രോശവും സൃഷ്ടിച്ചിരിക്കുകയാണ്. ഭക്തികളുടെ ആചാരത്തെയും ആത്മീയതയെയും പരിഹസിക്കുന്ന ഈ പ്രവൃത്തിയോട് സമൂഹം ഒരുമിച്ച് പ്രതികരിക്കണമെന്ന് രാഷ്‌ട്രിയ യുവജനതാദൾ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഞ്ജു എസ്. അരവിന്ദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രം ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ വിശ്വാസകേന്ദ്രമായതിനാൽ, ഈ വിശുദ്ധ സ്ഥാനത്ത് കയ്യേറ്റം നടത്തുന്നവർക്കെതിരെ നിയമം ഏറ്റവും കഠിനമായ രീതിയിൽ നടപടി സ്വീകരിക്കണം. കുറ്റവാളികളെ ആരായാലും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും അവർ അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് സ്വാഗതാർഹമാണെന്നും, പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി സർക്കാർ പ്രത്യേക അന്വേഷണ സംഘം (Special Investigation Team) രൂപീകരിച്ചിട്ടുണ്ടെന്നും അഞ്ജു എസ്. അരവിന്ദ് പറഞ്ഞു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെയാണ് കേസ് മുന്നോട്ട് പോകുന്നതെന്നും, ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വലതുപക്ഷ രാഷ്ട്രീയക്കാരുടെ തീവ്ര ശ്രമങ്ങൾ ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച്, വിശ്വാസികളെ ഉപയോഗിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയ നാടകം കളിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അഞ്ജു എസ്. അരവിന്ദ് പ്രസ്താവനയിൽ വ്യക്തമാക്കി.
രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട പ്രസ് റിലീസ്
