കുമ്പളയിലെ മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ സിപിഐ അനുകൂല സംഘടനയിലെ അംഗം.
കാസർകോട് കുമ്പളയിൽ സർക്കാർ സ്‌കൂളിൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ ഭരണാനുകൂല സംഘടനയിലെ അംഗം.
അധ്യാപകനായ സുപ്രീത് സിപിഐയുടെ എകെഎസ്ടിയു സംഘടനയിൽ അംഗമാണ്.
പ്രശ്‌നമുണ്ടാക്കിയ മറ്റൊരു അധ്യാപകനായ പ്രദീപ് കുമാർ സംഘ പരിവാർ അനുകൂല ട്രേഡ് യൂണിയനായ ദേശിയ അധ്യാപക പരിഷത്ത് അംഗമാണ്.
കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം.
മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങൾക്ക് അതീതമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതിൽ അധികം പേർ സ്റ്റേജിൽ കയറിയെന്നുമാണ് ഇവരുടെ വിശദീകരണം.
അധ്യാപകരെ അനുകൂലിക്കും വിധമാണ് കാസർകോട് ഡിഡിഇയുടെ റിപ്പോർട്ട്.
അധ്യാപകർ ചെയ്തതിൽ തെറ്റില്ലെന്നും കലോത്സവ മാനുവലിന് വിരുദ്ധമെന്ന് തോന്നിയതിനാലാണ് തടഞ്ഞതെന്നും ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പരിപാടി നടത്തിയതിൽ തെറ്റില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിലപാട്.
പരിപാടിയെ അനുകൂലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു.
ഈ നിലപാടുകൾക്ക് വിരുദ്ധമാണ് ഡിഡിഇയുടെ റിപ്പോർട്ട്.