ഗാന്ധിജയന്തി ദിനമായ നാളെ സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വിതരണം ചെയ്യേണ്ട മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ 21 ലക്ഷം കോപ്പികൾ ജില്ലാതലത്തിലുള്ള ഡിഡി ഓഫിസുകളിൽ എത്തിക്കുന്നത് പൊതുഅവധി ദിനമായ ഇന്നലെയും ഇന്നുമായി!
ഉപജില്ലാ തലത്തിലൂടെ എല്ലാ സ്കൂളുകളിലും എത്തിച്ച് നാളെത്തന്നെ വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത് ഇന്നലെയും.
ഗാന്ധിജയന്തി ദിനത്തിൽ തന്നെ വിജയദശമിയും വരുന്നതിനാൽ വിദ്യാർഥികളെ സ്കൂളിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രിയുടെ സന്ദേശം വിതരണം ചെയ്യുക പ്രായോഗികമല്ലെന്ന് അധ്യാപക സംഘടനകൾ പറയുന്നു.
വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുഅവധി പോലും നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ആണെന്നറിഞ്ഞിട്ടും നേരത്തെ ഇവ വിതരണം ചെയ്യാത്ത വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ വലയുകയാണ് ജില്ല- ഉപജില്ലാ തലത്തിലെ ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരും.
പല ഡിഡി ഓഫിസുകളിലും ഇന്നലെ സന്ദേശത്തിന്റെ അച്ചടിച്ച കോപ്പികൾ എത്തിയിട്ടില്ല.
ഇന്ന് എത്തിയിട്ട് വേണം സ്കൂളുകളിൽ എത്തിക്കാൻ.
തങ്ങളുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ഇതു വിതരണം ചെയ്യുന്നുവെന്നു വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള സർക്കുലറുണ്ട്.
മതിയായ ആലോചനയും മുന്നൊരുക്കവുമില്ലാതെ ഇത്തരം നടപടികൾ അടിച്ചേൽപിക്കുന്നതും അധ്യാപകരെ വലയ്ക്കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിൽ പതിവായെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു.