71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട; മാറ്റുരയ്ക്കാൻ 71 വള്ളങ്ങൾ

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട; മാറ്റുരയ്ക്കാൻ 71 വള്ളങ്ങൾ

വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ആലപ്പുഴ: വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്‌റുട്രോഫി ജലോത്സവം നടക്കും. 21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ. ജലോത്സവം ഉച്ചകഴിഞ്ഞു രണ്ടു മണിക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.

ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിക്കുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കും.

വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറുമണിമുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു.

തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top