എസ്ഐആർ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തിൽ ഒടുവിൽ എസ്ഐആർ നടന്നത്. 2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുമുൻപേ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നവരിൽ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ ബൂത്ത് ലവൽ ഓഫിസർമാർ നടത്തിയ പരിശോധനയിലാണ് ഇവർ പുറത്തായത്. മരിച്ചവരോ സ്ഥലത്തില്ലാത്തവരോ താമസം മാറിയവരോ എന്നീ കാരണങ്ങളുടെ പേരിൽ എഎസ്‍ഡി പട്ടിക തയാറാക്കിയാണ് ഇവരെ പുറത്താക്കിയത്. ഇതിൽ പാകപ്പിഴകളുണ്ടായതായി പിന്നീട് രാഷ്ട്രീയപാർട്ടികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇവരിൽ അർഹതയുള്ള എത്രപേർക്കു പുതിയ വോട്ടർമാരായി അപേക്ഷ നൽകി പട്ടികയിൽ തിരിച്ചെത്താനായെന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകും. ഡിസംബർ 23 മുതൽ ജനുവരി 30 വരെയാണ് പട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകിയിരുന്നത്. ഇതുകൂടാതെ കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്ന 36.88 ലക്ഷം പേർക്ക് വിവിധ കാരണങ്ങളാൽ നോട്ടിസ് നൽകി ഹിയറിങ് നടത്തി. ഹിയറിങ്ങിനുശേഷം നാൽപതിനായിരത്തോളം പേരെ പട്ടികയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയവരെയാണ് ഇങ്ങനെ ഒഴിവാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കാര്യങ്ങൾ ചർച്ചചെയ്യാനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ(സിഇഒ) വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്നു നടക്കും. രാവിലെ 11ന് ആണു യോഗം. അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ നാളെമുതൽ രാഷ്ട്രീയ പാർട്ടികൾക്കു നൽകാനുള്ള തയാറെടുപ്പും സിഇഒ ഓഫിസ് നടത്തിയിട്ടുണ്ട്.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top