കാറിൽ നിന്ന് 300 കിലോ പിടികൂടി

നേമം: തമിഴ്‌നാട്ടിൽ നിന്ന് തലസ്ഥാനത്തു വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചിന് പാപ്പനംകോട് നിന്നാണ് കാറിൽ കടത്തിയ 300 കിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കരകുളം സ്വദേശി അഫ്‌സൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.

കഞ്ചാവ് കടത്തിയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിൽ നിന്ന് പാറശാല വഴി തിരുവനന്തപുരം നഗരത്തിലേക്ക് കാറിൽ കഞ്ചാവ് കൊണ്ടുവരികയായിരുന്നു. യാത്രക്കിടെ കാർ പാപ്പനംകോട് പാർക്ക് ചെയ്തു. ഇതിനിടെയാണ് കാറിൽ കഞ്ചാവുണ്ടെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചത്. വാഹനം പുറമെ നിന്നു പരിശോധിച്ച ശേഷം കാർ എടുക്കാൻ വരുന്നയാളെ പിടികൂടാനായി പൊലീസ് മാറിനിന്നു. വൈകിട്ടോടെ കാർ എടുക്കാനെത്തിയപ്പോൾ അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെറിയ പായ്ക്കറ്റുകളാക്കി വിതരണം ചെയ്യാൻ പാകത്തിലായിരുന്നു കഞ്ചാവ് ശേഖരം. നാർക്കോർട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് സ്ഥലത്തെത്തി ചോദ്യം ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് നാർക്കോർട്ടിക് സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്‌സലിതെിരെ മുമ്പും കേസുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top