ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു

ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി 16 ഏകദിനവും 57 ട്വന്റി 20 യും കളിച്ച സഞ്ജു സാംസണ് ലോകകപ്പിൽ അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. 2024 ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ഇക്കുറിയും ആദ്യ മത്സരത്തിൽ സഞ്ജു ഇലവനിലുണ്ടായിരുന്നില്ല. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയതോടെയാണ് നമീബിയക്കെതിരേ ഓപ്പണറായി എത്തിയത്.

നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പതറിയ സഞ്ജുവായിരുന്നില്ല മൈതാനത്ത്. റൂബൻ ട്രംപൽമാൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് കിട്ടുന്നത്. എന്നാൽ നേരിട്ട ആദ്യ മൂന്നു പന്തുകളിലും സഞ്ജുവിന് റൺസ് നേടാനായില്ല. എന്നാൽ അവസാന പന്ത് ഗാലറിയിലെത്തിച്ച് സഞ്ജു വരവറിയിച്ചു. ബെൻ ഷിക്കോംഗോയുടെ രണ്ടാം ഓവറിൽ തുടർച്ചയായ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും കണ്ടെത്തിയതോടെ ആരാധകരും ആവേശത്തിലായി. ടിപ്പിക്കൽ സഞ്ജു സാംസൺ ഷോട്ടുകളായിരുന്നു എല്ലാം. പക്ഷേ ഷിക്കോംഗോയുടെ അടുത്ത പന്ത് ഒരു സ്ലോ ബോളായിരുന്നു. ഫ്‌ളിക്ക് ചെയ്ത സഞ്ജുവിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റ് ഫീൽഡറുടെ കൈയിൽ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ എട്ടു പന്തിൽ നിന്ന് 22 റൺസ് കുറിച്ചിരുന്നു താരം.

കിവീസിനെതിരായ പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രം നേടാനായ സഞ്ജുവിൽ നിന്ന് ആരാധകർക്ക് ആശ്വാസകരമാകുന്ന ഇന്നിങ്‌സാണ് കഴിഞ്ഞ ദിവസം പിറന്നത്. ഉദരത്തിലെ അണുബാധമൂലം വിശ്രമത്തിലായ അഭിഷേക് പാകിസ്താനെതിരായ അടുത്ത മത്സരത്തിൽ കളിച്ചില്ലെങ്കിൽ സഞ്ജു തന്നെയാകും ഇന്ത്യൻ ഓപ്പണർ. അങ്ങനെ സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top