കെനിയ കൊടും വരൾച്ചയിലേക്ക്

കെനിയയിലെ മാൻഡേര കൗണ്ടിയിലെ ആകാശം ഇപ്പോൾ ഒരു ചതിയുടെ കഥയാണ് പറയുന്നത്. സമൃദ്ധമായ മഴ ലഭിക്കേണ്ട ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആകാശം വറ്റിവരണ്ടുനിന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടായ വർധനവ് ഈ മേഖലയിലെ കാറ്റിന്റെ ഗതിയെ മാറ്റിമറിക്കുകയും മഴ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. 1981-ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണിത്.

ഈ പ്രതിസന്ധി കെനിയയിൽ മാത്രം ഒതുങ്ങുന്നില്ല. സോമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലായി ഏകദേശം 2.4 കോടി ആളുകൾ ജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ലഭിക്കേണ്ട മഴയുടെ 30 ശതമാനം മാത്രം ലഭിച്ചതോടെ കിഴക്കൻ കെനിയയിലെ ജലാശയങ്ങൾ പൂർണമായും വറ്റിവരണ്ട അവസ്ഥയിലാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നത് ഈ മേഖലയിൽ തീവ്രമായ ഉഷ്ണതരംഗങ്ങൾക്കും ദീർഘകാല വരൾച്ചയ്ക്കും കാരണമാകുന്നു. ഇത് പ്രദേശത്തെ മണ്ണിൻ്റെ കടുപ്പം കൂടാൻ കാരണമാകുന്നു. പിന്നീട് മഴ ലഭിക്കുമ്പോൾ വെള്ളം ആഗിരണം ചെയ്യാൻ ഈ മണ്ണിന് സാധിക്കാതെവരികയും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (Flash floods) കാരണമാവുകയും ചെയ്യുന്നു. ഇത് ജലജന്യ രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു. നിലവിൽ 21.5 ലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്നും ഏകദേശം എട്ട് ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും കെനിയയിലെ നാഷണൽ ഡ്രോട്ട് മാനേജ്‌മെന്റ് അതോറിറ്റിയുടെ (NDMA) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top