റിട്ട. BSNL ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരുവാങ്കുളം (എറണാകുളം) : വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ച് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) യെയാണ് തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്‌മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ വർഷമാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് രാജൻ നമ്പൂതിരിക്ക് പണം നഷ്ടമായത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രാജൻ നമ്പൂതിരിയെന്ന് ബന്ധുക്കൾ പറഞ്ഞു.

യു.എസ്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിലൂടെയാണ് രാജൻ നമ്പൂതിരി കബളിപ്പിക്കപ്പെട്ടത്. മൂന്നാഴ്ച കൊണ്ടാണ് മൂന്നുകോടി രൂപ ആപ്പ് വഴി തട്ടിച്ചെടുത്തത്. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ രാജൻ നമ്പൂതിരി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി. ട്രേഡിങ്ങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ പണം കൂടുതൽ കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്.

കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സൈബർ പോലീസിൽ പരാതി നൽകി. അതിൽ 13.5 ലക്ഷം രൂപ കോട്ടയം സൈബർ പോലീസ് മരവിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ തുക അടുത്തയാഴ്ച തിരികെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top