തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് സമീപത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ. ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞതെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്നും മേയർ വിവി രാജേഷ് പറഞ്ഞു.
പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗമാണ് ഉദ്യോഗസ്ഥർ പൂട്ടിയത്. വലിയ നിയമലംഘനമാണ് സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നാണ് മേയർ പറയുന്നത്. സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പായിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പിന്നാലെ പോലീസും സ്ഥലത്തെത്തി.
സ്പായിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തിയതോടെ ഈ വിഭാഗമാണ് പൂട്ടിയത്. ഇവിടെ ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു.
