കണ്ണൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് സതീശൻ തള്ളിയത്.
പിവി അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർഥത്തിലാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നാണ് വിഡി സതീശൻ പറയുന്നത്. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നൽകുന്നത്.
വർഗീയതയുമായി താൻ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. തന്നോടുള്ളത് വ്യക്തിപരമായ വിരോധമാണെങ്കിൽ കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പിവി അൻവർ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. ബേപ്പൂരിൽ സർക്കാർ കോളേജ് ഇല്ലെന്ന വിഷയമാണ് അദ്ദേഹം നിലവിൽ ഉയർത്തുന്നത്.
