സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ അതിവേഗ റെയിൽപാത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതുകൊണ്ട് ചടുല വേഗത്തിൽ അത് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗ പാത കടന്നു പോകുന്നത് പത്തനംതിട്ട ജില്ലയിൽ കൂടിയാണ്. ജില്ലയിലെ അടൂരിലും ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ചെങ്ങന്നൂരിലും അതിവേഗ പാതയ്ക്ക് സ്റ്റാേപ്പ് അനുവദിക്കുമെന്നാണ് അറിയുന്നത്. ഒാരോ ഇരുപത്തിയഞ്ച് കിലോമീറ്ററിലും സ്റ്റോപ്പ് അനുവദിക്കുന്നതുകൊണ്ട് ജില്ലയിൽ ഒരു സ്റ്റോപ്പ് ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അതിവേഗ പാത കൂടി വരുന്നതോടെ ജില്ലയിലെ ഗതാഗതത്തിന് രണ്ടു റെയിൽ പദ്ധതികളാണുളളത്. അതിവേഗ റെയിൽപാതയുടെ നിർദേശം വരുന്നതിന് മുൻപേ പഠനം നടന്ന ചെങ്ങന്നൂർ – പമ്പ പദ്ധതിയോടും കേന്ദ്രസർക്കാർ അനുകൂല നിലപാടിലാണ്.
ശബരിമല തീർത്ഥാടകർക്കും ജില്ലയിലെ മറ്റു യാത്രക്കാർക്കും രണ്ടു പദ്ധതികളും പ്രയോജനം ചെയ്യും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് അതിവേഗ റെയിൽപാത വഴി അടൂരിൽ എത്തി പമ്പയിലേക്ക് യാത്ര തുടരാം. ജില്ലയിലെ യാത്രക്കാർക്ക് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ സൗകര്യമാകും. സമയ നഷ്ടം കുറയ്ക്കുകയും ചെയ്യും.
ചെങ്ങന്നൂർ -പമ്പ പദ്ധതി യാഥാർത്ഥ്യമായാൽ നിലവിൽ ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ ഇറങ്ങുന്ന തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും പമ്പ വരെ ട്രെയിനിൽ തന്നെ യാത്ര തുടരാം. രണ്ടു പദ്ധതികൾക്കും കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് സൂചന. അതിനാൽ, പദ്ധതികളോട് എതിർപ്പുകളുയരാൻ സാദ്ധ്യതയില്ല. രാഷ്ട്രീയ പാർട്ടികൾ രണ്ടു പദ്ധതികളെയും സ്വാഗതം ചെയ്യുന്നുണ്ട്. അതിവേഗ പാത കൂടുതലായും എലിവേറ്റഡായും തുരങ്കപാതയുമായിട്ടാണ് നിർമ്മിക്കുന്നത്. ചെങ്ങന്നൂർ – പമ്പ പാത പടിഞ്ഞാറൻ മേഖലയിൽ പമ്പാ നദിക്കു സമാന്തരമായി ആകാശപ്പാതയായും മലയോര മേഖലയിൽ സ്ഥലം ഏറ്റെടുത്തും നിർമ്മിക്കണമെന്നാണ് നിർദേശം ഉയർന്നിട്ടുള്ളത്.
ചെങ്ങന്നൂർ -പമ്പ പാതയുടെ നീളം എഴുപത്തിയഞ്ച് കിലോമീറ്റർ എന്നാണ് കണക്കാക്കിയിട്ടുള്ളത്. അൻപത് മിനിട്ടു കൊണ്ട് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലെത്താം. ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ എന്നിവിടങ്ങളിലാണ് പാതയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത്. ചെങ്ങന്നൂർ നഗരസഭയിലൂടെയും പതിനാറ് പഞ്ചായത്തുകളിലൂടെയുമാണ് നിർദ്ദഷ്ട പാത കടന്നു പോകുന്നത്.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
