നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും: മുഖ്യമന്ത്രി

ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. ഇപ്പോൾ നിർമിക്കുന്ന എല്ലാ പോലീസ് സ്റ്റേഷനുകളും അനുബന്ധ പോലീസ് മന്ദിരങ്ങളും സ്ത്രീ ശിശു സൗഹൃദവും ഭിന്ന ശേഷി സഹൃദവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന് ജനസഹൃദ മുഖം നല്കാൻ ഇത് ഏറെ ഉപകരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ മികച്ച മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ഓരോ കെട്ടിടവും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയും പോലീസിന്റെ യശസ്സ് വർധിപ്പിക്കുന്ന തരത്തിലുമാണ് നിർമ്മിച്ചിട്ടുള്ളത്‌.
വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 13 പോലീസ് മന്ദിരങ്ങളുടെ ഉദ്‌ഘാടനവും പത്തു മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

കൊല്ലം സിറ്റിയിലെ കരുനാഗപ്പള്ളി , കിളികൊല്ലൂർ പോലീസ് സ്റ്റേഷനുകൾ, കൊല്ലം പത്തനാപുരത്തെ കണ്ട്രോൾ റൂം , പത്തനംതിട്ട പെരുനാട് പോലീസ് സ്റ്റേഷൻ, കോട്ടയത്ത് 12 ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ് 4 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ , മാഞ്ഞൂർ പോലീസ് സ്റ്റേഷൻ , പാലക്കാട് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ , മലപ്പുറം മഞ്ചേരിയിൽ 4 ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, കോഴിക്കോട് സിറ്റിയിലെ നോളഡ്‌ജ്‌ റെപ്പോസിറ്ററി സെന്റർ , കോഴിക്കോട് റൂറലിലെ വാളയം പോലീസ് സ്റ്റേഷൻ , കണ്ണൂർ സിറ്റിയിലെ നോളഡ്‌ജ്‌ റെപ്പോസിറ്ററി സെന്റർ, കാസർഗോട്ട് ആറു ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ് രണ്ടു അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, ജിം ആൻറ് മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് എന്നിവയാണ് നിർമാണം പൂർത്തിയാക്കിയവ.

ആലപ്പുഴ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ,മുഹമ്മ പോലീസ് ക്വാർട്ടേഴ്‌സ് , പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം കടുത്തുരുത്തി പോലീസ് സ്റ്റേഷൻ, കോഴിക്കോട് റൂറലിലെ കൊയിലാണ്ടി, കോടഞ്ചേരി പോലീസ് സ്റ്റേഷനുകൾ , കാസർഗോഡ് നീലേശ്വരം , കുമ്പള പോലീസ് സ്റ്റേഷനുകൾ , കെ 9 കെന്നൽ സ്‌ക്വാഡ് , തിരുവനതപുരം പോലീസ് ട്രെയിനിങ് കോളേജിലെ അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷതയും പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ് ശ്രീജിത്ത് സ്വാഗതവും പോലീസ് ആസ്ഥാനത്തെ ഐ ജി ആർ നിശാന്തിനി കൃതജ്ഞതയും പറഞ്ഞു. പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top