പമ്പ : ചെങ്ങന്നൂർ – പമ്പ ഹൈ സ്പീഡ് പാത നിർദേശവുമായി ഇ ശ്രീധരൻ. 45 മിനിറ്റുകൊണ്ട് പമ്പയിലേക്കെത്താൻ കഴിയുന്ന പദ്ധതിയാണ് മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ നിർദേശിച്ചിരിക്കുന്നത്. അങ്കമാലിയിൽ നിന്നുള്ള ശബരിപാതയ്ക്കാണ് സംസ്ഥാന സർക്കാർ പരിഗണന നൽകുന്നതെങ്കിലും ചെങ്ങന്നൂർ – പമ്പ പാതയാണ് വരേണ്ടതെന്നാണ് ശ്രീധരൻ പറയുന്നത്.
നിർദ്ദിഷ്ട പാതയിൽ മൂന്നുമിനിറ്റിൽ ഒരു വണ്ടി എന്ന നിലയിൽ ഓടിക്കാം. ഇരട്ടപ്പാതയാണ് നിർമിക്കേണ്ടത്. ആകെ ചെലവ് 9,000 കോടിയേ വരുന്നുള്ളു. ചെങ്ങന്നൂർ – പമ്പ പദ്ധതി വന്നാൽ പല നേട്ടങ്ങളുണ്ടാകും, ശബരിമലയാത്ര പൂർണ്ണമായും ട്രെയിനിലാകും. റോഡപകടങ്ങൾ കുറയുമെന്നാണ് ഇ ശ്രീധരൻ പറയുന്നത്. ഈ പദ്ധതിക്ക് റെയിൽവേ തയ്യാറാണ്, സംസ്ഥാനം സഹകരിച്ചാൽ മതി. ഡിഎംആർസി മറ്റുകാര്യങ്ങൾ നിർവഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇ ശ്രീധരൻ പറഞ്ഞു.
ഏകദേശം 60-70 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് ഏകദേശം 45 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. പദ്ധതി യാഥാർഥ്യമായാൽ മണ്ഡലകാലത്ത് ചെങ്ങന്നൂർ – പമ്പ റൂട്ടിലുണ്ടാകുന്ന കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന് അറുതിയാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകർക്ക് ട്രെയിൻ ഇറങ്ങി നേരിട്ട് പമ്പയിലേക്ക് വേഗത്തിൽ എത്താനും കഴിയും.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
