പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ – കാട്ടിലക്കുഴി വനാന്തര റോഡുവക്കിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതുമൂലം പന്നികളും തെരുവു നായ്ക്കളും പെരുകി വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇറച്ചിവെട്ട് മാലിന്യം അടക്കം തള്ളുന്നത് മൂലമാണ് തെരുവ് നായ്ക്കളും മറ്റും എത്തുന്നത്.
കവറുകളിലാക്കി മാലിന്യങ്ങൾ തള്ളുന്നതിനു പുറമേ ചത്തകോഴികളെ വരെ വലിച്ചെറിയുന്നു. യാത്രസൗകര്യം കുറഞ്ഞ ആദിവാസി മേഖലകളിലേക്ക് പോകുന്ന റോഡിൽ പകൽ തെരുവുനായ്ക്കളുടെയും രാത്രി പന്നികളുടെയും ശല്യമാണ്. മാലിന്യം തള്ളുന്നത് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് പാലോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്തിനും വനം വകുപ്പിനും നിവേദനം നൽകും.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
