ബാലരാമപുരം : പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖിദേവിദാസ (ചിന്മയ ചൈതന്യപ്രഭു 76) നാണ് പരിക്കേറ്റത്.
മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങിയ ചാല സ്വദേശി സുരേഷ് കുമാറിന്റെ (65) കാർ നിയന്ത്രണം തെറ്റി, റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ഇസ്കോൺ ഭക്തനായ അക്ഷയുടെ (26) കാലിനും പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രംഗസഖിദേവിദാസനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, അക്ഷയിനെ സ്വകാര്യാശുപത്രിയിലും എത്തിച്ചു.
നിയന്ത്രണം തെറ്റിയ കാർ, മറ്റൊരു കാറിന്റെ പിന്നിലെ ഗ്ലാസ് തകർത്തു. കാർ ഓടിച്ചിരുന്ന സുരേഷ് കുമാറിനൊപ്പം റിട്ട എസ് ഐ രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ബ്രഹ്മോത്സവം കഴിഞ്ഞ് ഇന്നലെ രാത്രിയോടെ മടങ്ങാനിരുന്ന ഭക്തർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഇരുപത് മിനിട്ടോളം ഗതാഗതം തടസപ്പെട്ടു. നേമം പൊലീസ് കേസെടുത്തു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
