കൊച്ചി : അതിവേഗം വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങളുടെ മറ്റൊരു മുഖമായ കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളി ( ഐടിഡിപി ) നൽകുന്ന സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ജലഗതാഗതത്തെയും കരഗതാഗതത്തെയും ഒരുമിപ്പിക്കുന്ന ലോകത്തിലെ ആദ്യ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ അംഗീകാരം.
ബ്രസീലിലെ സാൽവദോർ നഗരത്തിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 2023ൽ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ കൊച്ചി നഗരത്തിലെ 10 ദ്വീപുകളെയും പ്രധാന കരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നു ഗതാഗത സംവിധാനമാണ്. ഇലക്ട്രിക് – ഹൈബ്രിഡ് ഫെറി സംവിധാനം മെട്രോ റെയിൽ, ബസ്, സൈക്കിൾ പാതകൾ എന്നിവയുമായി വളരെ മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു.
