നെയ്യാറ്റിൻകര : തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി നിർമാണോദ്ഘാടനം നടത്തി റോഡുനീളെ ഫ്ളക്‌സുകളും സ്ഥാപിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതികൾ നിലവിൽ വന്നിട്ടും കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് റോഡിലെ യാത്രാദുരിതത്തിന് അറുതിയില്ല. നവീകരണത്തിന് രണ്ടരക്കോടി അനുവദിച്ചതായുള്ള ഫ്ളക്‌സ് മാത്രമാണ് ഇപ്പോൾ റോഡിലുള്ളത്.
അതിയന്നൂർ, കാഞ്ഞിരംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുള്ള റോഡാണ് കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് കോൺവെന്റ് റോഡ്. വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡാണിത്. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത്.
വർഷങ്ങളായി നവീകരണം നടത്താതെ പൊട്ടിപ്പൊളിഞ്ഞനിലയിലാണ് റോഡ്. തകർന്ന റോഡിൽ ദുരിതയാത്ര നടത്തി മടുത്ത നാട്ടുകാർ നവകേരളസദസ്സിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി നിവേദനവും നൽകിയിരുന്നു. ഒടുവിൽ റോഡ് നവീകരിക്കാനായി രണ്ടരക്കോടി രൂപ സർക്കാർ അനുവദിച്ചു.
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് തദ്ദേശതിരഞ്ഞെടുപ്പിനു മുൻപായി നവംബർ മൂന്നിന് നവീകരണത്തിന്റെ നിർമാണോദ്ഘാടനം നടത്തി. ഇപ്പോൾ തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതികൾ നിലവിൽവന്നു. എന്നിട്ടും റോഡ് നവീകരണത്തിന് കരാർ നൽകാൻപോലും പൊതുമരാമത്തുവകുപ്പിന് കഴിഞ്ഞിട്ടില്ല.
നെയ്യാറ്റിൻകര, പൂവാർ ഡിപ്പോകളിൽനിന്നുള്ള ബസ് സർവീസ് ഈ റോഡുവഴിയുണ്ട്. കമുകിൻകോട്, വെൺപകൽ പ്രദേശത്തുള്ളവർക്ക് നെല്ലിമൂട്ടിലെ സ്കൂളുകളിൽ പോകാനുള്ള ഏകമാർഗംകൂടിയാണ് ഈ റോഡ്. ജലജീവൻ മിഷന്റെയും അതിയന്നൂർ-കോട്ടുകാൽ കുടിവെള്ള പദ്ധതിയുടെയും പൈപ്പിടാനായും ഈ റോഡ് വെട്ടിപ്പൊളിച്ചിട്ടുണ്ട്.
. നിരവധി രോഗികൾ വെൺപകൽ ആശുപത്രിയിൽ പോകാൻ ആശ്രയിക്കുന്ന ഈ റോഡിന്റെ കരണം വൈകുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാകുകയാണ്. എന്നാൽ, റോഡ് നവീകരണത്തിന് ടെൻഡർ വിളിച്ചെന്നും ഉടൻ നവീകരണം ആരംഭിക്കുമെന്നും കെ.ആൻസലൻ എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
