ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ

ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ വ്യക്തമാക്കി. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.

ഇതിനിടെ, കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. വാടകക്ക് നൽകിയതിന്‍റെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകി. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകൾ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാർത്ഥ വാടക്കാരല്ല ഇപ്പോൾ ഇവ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകൾ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. മാസത്തിൽ 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയിട്ടുണ്ട്.

ഇവയെല്ലാം വൻ തുകക്ക് മറിച്ചു നൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തൽ. കുറഞ്ഞ വാടകക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം. വി കെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിൽ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top