പാലക്കാട് : ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലുണ്ടായ അപകടത്തിൽ തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ നിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
