കടമെടുപ്പുപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കടമെടുപ്പുപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കൊച്ചി : കേരളത്തിന്റെ കടമെടുപ്പുപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണം പ്രതിസന്ധിയിലാകാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

മൂന്നുമാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടിയിൽ 5,900 കോടി വെട്ടിക്കുറച്ചുകൊണ്ടുള്ള ധനകാര്യമന്ത്രാലയത്തിന്റെ കത്ത് ബുധനാഴ്ച വൈകീട്ടാണ് കിട്ടിയത്. ഇനി 6,572 കോടി രൂപ മാത്രമേ കേരളത്തിന് കടമെടുക്കാൻകഴിയൂ. ഈ 5,900 കോടി രൂപയുടെ കുറവിനുപുറമേ, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പേരിൽ വായ്പാപരിധിയിൽ വെട്ടിക്കുറയ്ക്കൽ നടത്തിയിരുന്നു.

ഇതെല്ലാംചേർത്താൽ ഈ സാമ്പത്തികവർഷംമാത്രം വായ്പയിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. എല്ലാതരത്തിലും കേന്ദ്രം ശ്വാസംമുട്ടിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോടുപറഞ്ഞു. തൊഴിലുറപ്പുപദ്ധതി പരിഷ്‌കരിച്ച് ബിൽ ലോക്സഭയിൽ പാസാക്കിയതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികഭാരം കൂടി. 2000 കോടി ഈയിനത്തിൽ കേരളത്തിന് ബാധ്യതയാണ്.

ജിഎസ്ടി നിരക്കുകൾ ഏകീകരിച്ചതിലൂടെ കേരളത്തിനുമാത്രം 8000 കോടിമുതൽ 10,000 കോടിവരെ നഷ്ടമുണ്ടായി. സാധനങ്ങളുടെ വില കുറഞ്ഞതുമില്ല. പകരം രണ്ടരലക്ഷം കോടി രൂപയുടെ നികുതിയിളവ് കമ്പനികൾക്ക് ലഭിച്ചു -മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top