തിരുവനന്തപുരം : ജയിൽ കോഴക്കേസിൽ അന്വേഷണം നേരിടുന്ന ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്.
ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചെന്നാണ് വിവരം. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽനിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
