പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി

പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി

ആലപ്പുഴ : വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുനായരെ (34)യാണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്.

ദുബായിൽ ജോലിചെയ്തുവരുന്ന വിഷ്ണു ഞായറാഴ്ച വൈകീട്ട് ഏഴിനാണ്‌ വീട്ടിലെത്തിയത്. അരമണിക്കൂറിനുശേഷം ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാൻപോയ വിഷ്ണുവിനെ പിന്നീട്, മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ല എന്നറിഞ്ഞ കുടുംബം മാന്നാർ പോലിസിൽ പരാതി നൽകി.

ബുധനൂർ പഞ്ചായത്ത് എട്ടാം വാർഡ് ജനപ്രതിനിധിയായ രാജേഷ് ഗ്രാമത്തിന് വിഷ്ണുവിന്റെ ബന്ധുക്കൾ നൽകിയ സി സി ടി വി ദൃശ്യം പരിശോധിച്ചതിൽ മാവേലിക്കര കരയംവട്ടം ഭാഗത്തുനിന്ന്‌ വിഷ്ണു തന്റെ ബൈക്കിൽ തിരിയുന്നതായി മനസ്സിലാക്കി. തുടർന്നു രാജേഷ് ഗ്രാമം നടത്തിയ അന്വേഷണത്തിൽ ചതുപ്പുനിലത്തിൽ ബൈക്ക് കണ്ടെത്തുകയും ചെയ്തു. തൊട്ടടുത്തായി വിഷ്ണു അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ടികുളങ്ങരയിലേക്കുള്ള യാത്രാമധ്യേ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാടത്തേക്കു മറിഞ്ഞതാകാം അപകടകാരണമെന്നു കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back To Top