പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും

പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും

ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്.

ശബരിമല : ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി
എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാർത്തയായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.

എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നുമായിരുന്നു തീര്‍ത്ഥാടകര്‍ പ്രതികരിച്ചത്.
തുടര്‍ന്ന് എഡിജിപി ശ്രീജിത്ത് ഇവരുമായി ഫോണിൽ സംസാരിച്ചു. ആരും ദര്‍ശനം നടത്താതെ മടങ്ങരുതെന്നാണ് പൊലീസിന്‍റെ നിലപാടെന്നും ആവശ്യമായ സൗകര്യം ഉറപ്പാക്കുമെന്നും ഏതുസാഹചര്യത്തിലും പൊലീസിനെ ബന്ധപ്പെടാമെന്നും എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി. 17 അംഗ തീര്‍ത്ഥാടക സംഘത്തിൽ പ്രായമായ സ്ത്രീകളും കുട്ടിയുമടക്കമാണ് ഉണ്ടായിരുന്നത്. ആദ്യമായി മാലയിട്ട് മലകയറിയ സംഘത്തിലെ കുട്ടി അയ്യപ്പനായ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപോവേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് എഡിജിപി വിഷയത്തിൽ ഇടപെടുന്നത്.

ശബരിമലയിൽ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കിൽപെട്ട് ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top