ബോംബ് സ്ഫോടനം കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബോംബ് സ്ഫോടനം കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഒക്ടോബർ 29ന് വൈകുന്നേരം 4 : 20ന് ഉള്ളതാണ് ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 CE 7674) വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. പി യു സി ബൂത്തിന് അടുത്ത് കാർ നിർത്തിയിട്ടിരിക്കുന്നതും, ഒരാൾ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയത്തിനു ശേഷം മറ്റ് രണ്ട് പേർ കൂടി സ്ഥലത്തെത്തുന്നു. ഇതിൽ താടി വച്ചിട്ടുള്ള രണ്ട് പേരിൽ ഒരാൾ താരിഖ് മാലിക്കാണ് എന്നും ഇയാൾക്ക് കാർ കൈമാറ്റം നടന്നതിനെക്കുറിച്ച് അറിയാമായിരുന്നെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. തുടർന്ന് ഈ മൂന്ന് പേരും കാറിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിൽ.

കാറിൻ്റെ യഥാർത്ഥ ഉടമ, പിടിയിലായ മുഹമ്മദ് സൽമാൻ ഉൾപ്പെടെ ഏഴ് പേർക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷമാണ് വാഹനം ഡോ ഉമർ മുഹമ്മദിൽ എത്തിയത്. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട സമയത്ത് ചാവേർ ഒരൊറ്റ നിമിഷം പോലും കാറിൽ നിന്ന് പുറത്തിറങ്ങിയില്ല എന്നും ഇയാൾ ആർക്കോവേണ്ടിയോ, ആരുടെയോ നിർദ്ദേശങ്ങൾക്കു വേണ്ടിയോ കാത്തിരിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. ഉച്ചയ്ക്ക് 3 : 19ന് പാർക്ക് ചെയ്ത കാർ 6:30-നാണ് ഇവിടെ നിന്ന് പുറത്തേക്ക് പോയത്. വൈകുന്നേരം 6 : 52നാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്നത്.

സ്ഫോടനം നടന്ന ഇന്നലെ, ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും സംഘത്തിലെ പ്രധാനികളായ ഡോ മുസമ്മിൽ ഷക്കീൽ, ഡോ ആദിൽ റാത്തർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ഭയന്നാണ് ഡോ ഉമർ മുഹമ്മദ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതെന്നാണ് വിലയിരുത്തൽ. ഇയാൾ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും സ്ഫോടകവസ്തു കാറിൽ സ്ഥാപിച്ച് ഡിറ്റണേറ്റർ ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top