ഡിലീറ്റ് ചെയ്‌ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്‌ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്‌ദുനാസർ, നാലാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി.ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34) മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34) അമ്പലപ്പള്ളി അബ്ദുൽ നാസർ (35) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയായ വീട്ടുടമ എന്നിവർ ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും ഹാജരാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിച്ചത്. പെരിന്തൽമണ്ണ സിഐമാരായിരുന്ന സിദ്ധീഖ്, സാജു കെ എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top