അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനിൽ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ ബസുകൾ കട്ടപ്പുറത്താണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ പ്രൊഫഷണൽ മാനേജ്‌മെന്റ് നടപ്പിലാക്കുമെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉറപ്പാക്കുമെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് മാനേജ്മെൻ്റ് നടപടിയെടുത്തത്. ഇതിനെതിരെ ശിവകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളെ മാനിച്ചുകൊണ്ട് മാത്രമേ പൊതുസ്ഥാപനങ്ങൾക്ക് നിലനിൽക്കാനാവൂ. സ്ഥാപനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ പൊതുവായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ ജീവനക്കാർക്ക് അവകാശമുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തുന്നതിന് ജീവനക്കാരനെ ദൂരസ്ഥലത്തേക്ക് മാറ്റേണ്ട ആവശ്യമില്ല. എന്നാൽ, ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിന് ആവശ്യമെങ്കിൽ വകുപ്പുതല അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top