സർക്കാരിന്റെ ഉറപ്പുകൾ പാഴായി

തിരുവനന്തപുരം : ശമ്പളപരിഷ്‌കരണ കുടിശികയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന സർക്കാർ ഉറപ്പുകൾ പാഴായതോടെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ 16 മുതൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. അക്കാഡമിക് ബഹിഷ്‌കരണവും ആരംഭിക്കും. 19 മുതൽ അനിശ്ചിതകാലത്തേക്ക് അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ, പോസ്റ്റുമോർട്ടം പരിശോധന എന്നിവയെ സമരം ബാധിക്കില്ല.

26 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാര ബീഗവും ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി.എസും അറിയിച്ചു. ഒ.പി ബഹിഷ്‌കരണത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 6.30ന് സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ അദ്ധ്യപകരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.

ഈമാസം രണ്ട് മുതൽ ഡോക്‌ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ആരംഭിച്ചെങ്കിലും അന്ന് വൈകിട്ട് ആരോഗ്യ – ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ പിൻവലിച്ചു.

‘രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംഘടനയ്ക്ക് ആശങ്കയുണ്ട്. മറ്റു സർക്കാർ ജീവനക്കാർക്ക് നൽകുന്ന പരിഗണന പോലും പൊതുജനാരോഗ്യ സേവകരായ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നൽകാത്തതിനാലാണ് സമരം ശക്തിപ്പെടുത്താൻ നിർബന്ധിതമായത്”.

Leave a Reply

Your email address will not be published. Required fields are marked *

Back To Top